കോട്ടയം: മണിപ്പൂരിൽ ക്രൈസ്തവർക്കും ഗോത്രവർഗക്കാർക്കുമെതിരെ നടക്കുന്നത് ഹിന്ദുത്വ സ്പോൺസർ ചെയ്യുന്ന വംശീയ ആക്രമണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച വംശീയത പ്രതിരോധ സംഗമം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ശക്തിയാര്‍ജിക്കുന്നതിന് അനുസരിച്ച് വംശീയ ആക്രമണങ്ങളും വര്‍ധിക്കുകയാണ്. അധികാരം നേടാനും നിലനിർത്താനും ഭിന്നിപ്പും സാമൂഹ്യധ്രുവീകരണവും ഉണ്ടാക്കുകയും വംശീയ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുക എന്നത് ബി.ജെ.പിയുടെ പതിവ് പദ്ധതിയാണ്. മുസ്‍ലിം സമൂഹത്തിനെതിരെ ഉപയോഗിച്ചുവന്ന ഈ ആക്രമണോത്സുകത ഇപ്പോള്‍ ക്രൈസ്തവ സമൂഹത്തിന് നേരെക്കൂടി തീവ്രമായി പ്രയോഗിക്കുകയാണ്.
മണിപ്പൂരിലെ വംശീയാക്രമണങ്ങള്‍ക്കെതിരെ കേരളത്തിന്‍റെ തെരുവുകളില്‍ ശക്തമായ പ്രതിഷേധങ്ങളുയരണം. കപടവേഷം ധരിച്ച് കേരളീയരെ കബളിപ്പിച്ച് സ്വാധീനം നേടാനും സൗഹാര്‍ദ്ദത്തെ തകര്‍ക്കാനും സാമൂഹ്യാന്തരീക്ഷത്തെ വിഷലിപ്തമാക്കാനും സംഘ്പരിവാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുക തന്നെ വേണമെന്നും സംഗമം ആവശ്യപ്പെട്ടു.
“മണിപ്പൂർ: ക്രിസ്ത്യൻ ഉൻമൂലനത്തിന്റെ വംശീയ മോഡൽ” എന്ന പേരിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച വംശീയത പ്രതിരോധ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അർച്ചന പ്രജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുർറഹീം, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് സണ്ണി മാത്യു, ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് സമീർ ബിൻ അഷ്റഫ്, ജനറൽ സെക്രട്ടറി അൻവർ ഹാറൂൺ എന്നിവർ സംസാരിച്ചു.