ന്യൂഡൽഹി: ചർച്ചകൾ സംസ്ഥാനതലത്തിൽ ആരംഭിച്ചാൽ മാത്രമേ ദേശീയതലത്തിൽ പ്രതിപക്ഷ ഒത്തൊരുമ കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്ന് സി.പി.എം ജനൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഓരോ സംസ്ഥാനത്തും വ്യത്യസ്ത സാഹചര്യമാണുള്ളത്.
അത്തരം കാര്യങ്ങളെല്ലാം ചർച്ചചെയ്ത് സഹകരണം സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാനങ്ങളിൽ എടുക്കണമെന്ന് പോളിറ്റ് ബ്യൂറോ യോഗതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് നടത്തിയ വാർത്തമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ രാജ്യവ്യാപക പ്രചാരണം വേണം, പ്രതിഷേധങ്ങൾ സംയുക്തമായി സംഘടിപ്പിക്കണമെന്നും പി.ബി ആവശ്യപ്പെട്ടു.
മണിപ്പൂർ വംശീയ കലാപം നിയന്ത്രിക്കുന്നതിൽ ബി.ജെ.പി സർക്കാർ പൂർണമായും പരാജയപ്പെട്ടു. സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കാൻപോലും പ്രധാനമന്ത്രി മോദി തയാറായില്ല. സർവകക്ഷി യോഗം ഒരു പ്രയോജനവും ഇല്ലാതെ പോയി. മുഖ്യമന്ത്രി ബിരേൻ സിങ്ങിനെയും സർക്കാറിനെയും പുറത്താക്കണമെന്നും പി.ബി ആവശ്യപ്പെട്ടു.
ചൈനയെ ഒറ്റപ്പെടുത്താനാണ് അമേരിക്ക ഇന്ത്യയുടെ കൂട്ടുപിടിക്കുന്നത്. മോദി ബൈഡൻ ഒരുക്കിയ കെണിയിൽ വീണു. മോദി സർക്കാറിന്റെ കീഴിൽ ഇന്ത്യയിലെ ന്യൂനപക്ഷ ജനതയുടെ ദുരിത ജീവിതം ചർച്ചചെയ്യാൻ ബൈഡൻ ഭരണകൂടം തയാറായില്ല. യുഎസ് കോൺഗ്രസിലെ 75 അംഗങ്ങൾ മോദിയുടെ ഭരണത്തിൽ ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തി.
നിലവിൽ ഇന്ത്യക്ക് ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകതയോ അനിവാര്യതയോ ഇല്ല. എല്ലാ സമുദായത്തിലെയും സ്ത്രീകൾക്ക് തുല്യമായ അവകാശങ്ങൾ നൽകണം. ഓരോ വിഭാഗത്തിനും അവർക്ക് വേണ്ടരീതിയിലുള്ള നിയമങ്ങൾ കൊണ്ടുവരാം. പ്രധാനമന്ത്രി ഇപ്പോഴും വിഷയത്തിൽ മൗനം പാലിക്കുകയാണ്.
എക സിവിൽ കോഡിലൂടെ തുല്യതയുണ്ടാവില്ല. 2001ലെ സെൻസസ് ആധാരമാക്കി അസമിലെ മണ്ഡലങ്ങൾ നിർണയിക്കുന്നത് സി.പി.എം എതിർക്കുന്നു. പ്രത്യേക കമീഷൻ രൂപവത്കരിക്കാതെയുള്ള നടപടി ബി.ജെ.പിയുടെ രാഷ്ട്രീയ താല്പര്യങ്ങൾ നിറവേറ്റാൻവേണ്ടിയാണ്.
പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യാപകമായ അക്രമമാണ് നടക്കുന്നത്. നിരവധി പേർക്ക് ജീവൻ നഷ്ടമായി. എന്നിട്ടും ജനം ജനാധിപത്യം പരാജയപ്പെടാതിരിക്കാൻ ആക്രമണങ്ങൾ നേരിട്ട് മുന്നോട്ട് വരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 34 ശതമാനം സീറ്റുകളിലും മത്സരിക്കാൻ സ്ഥാനാർഥികൾ ഇല്ലായിരുന്നു. എന്നാൽ, ഇത്തവണ ആളുകൾ എല്ലാ തടസ്സങ്ങളും മറികടന്ന് മുന്നോട്ടുവന്നുവെന്നും പി.ബി വിലയിരുത്തി.
സി.പി.എമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് മമത
കുച്ബിഹാർ (പശ്ചിമബംഗാൾ): ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ സി.പി.എമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ദേശീയതലത്തിൽ ഒറ്റക്കെട്ടായി പടപൊരുതുമ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ഇരുപാർട്ടികളും ബി.ജെ.പിയെ സഹായിക്കുകയാണെന്ന് മമത വിമർശിച്ചു. ഈ അവിശുദ്ധബന്ധം ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടുമെന്ന് കുച്ബിഹാറിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ മമത തുറന്നടിച്ചു.
രണ്ടാഴ്ചക്കിടെ രണ്ടാംതവണയാണ് മമത സി.പി.എമ്മിനെയും കോൺഗ്രസിനെയും വിമർശിക്കുന്നത്. എന്നാൽ, ബി.ജെ.പിക്കെതിരായ തൃണമൂലിന്റെ നിലപാടിന് വിശ്വാസ്യതയില്ലെന്നായിരുന്നു ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരിയുടെ മറുപടി.
ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ തൃണമൂലിന്റെ പങ്ക് എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പിക്കെതിരെ പോരാടാൻ മമത തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്ന് സി.പി.എമ്മും പ്രതികരിച്ചു. സി.പി.എമ്മും കോൺഗ്രസും തൃണമൂലും ഒരേ തോണിയിൽ സഞ്ചരിക്കുന്നവരാണെന്നും സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ പ്രതികരിക്കുന്നത് തങ്ങൾ മാത്രമാണെന്നും ബി.ജെ.പി നേതാവ് രാഹുൽ സിൻഹ മറുപടി നൽകി.