തിരുവനന്തപുരം : ട്രാൻസ്ജെൻഡറുകൾക്കുള്ള ലിംഗമാറ്റ (സെക്‌സ് റീ അസൈൻമെന്റ് സർജറി) ശസ്ത്രക്രിയക്ക് മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കുമെന്ന് മന്ത്രി ആർ ബിന്ദു. വിദഗ്ധരുടെ നേതൃത്വത്തിൽ ഇതിന് മാനദണ്ഡം തയ്യാറാക്കി. സംസ്ഥാനത്ത് എസ്ആർഎസ് ശസ്ത്രക്രിയ പിഴവില്ലാതെ നടത്തുകയാണ് ലക്ഷ്യം. ശസ്ത്രക്രിയയിൽ മുൻപരിചയം ഇല്ലാത്ത ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. ഡെമോക്രാറ്റിക് ട്രാൻസ്ജെൻഡർ ഫെഡഫറേഷൻ ഓഫ് കേരളയുടെ (ഡിടിഎഫ്കെ) പ്രഥമ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ട്രാൻസ് സുഹൃത്തുക്കളും അവരുടെ കുടുംബത്തിൽനിന്ന് ബഹിഷ്കൃതരാണെന്നാണ് പഠനം. ഈ സാഹചര്യത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് താമസിക്കാൻ സൗകര്യം ഒരുക്കാമെന്നാണ് സർക്കാരിന്റെ തീരുമാനം. സുരക്ഷിതമായ ഇടമുണ്ടെങ്കിലേ വിദ്യാഭ്യാസത്തെയും തൊഴിലിനെയും കുറിച്ച് ചിന്തിക്കാൻ ഇവർക്ക് കഴിയൂ. വരുമാനദായകമായ തൊഴിലവസരങ്ങളിലേക്ക് ട്രാൻസ്ജെൻഡറുകളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
എംജി യൂണിവേഴ്സിറ്റി ബിഎ ഇസ്ലാമിക് ഹിസ്റ്ററിയിൽ മൂന്നാം റാങ്ക് നേടിയ അനീറ്റ ബിനോയിയെ മന്ത്രി അഭിനന്ദിച്ചു. ഡിടിഎഫ്കെ പ്രസിഡന്റ് ഷെറിൻ ആന്റണി അധ്യക്ഷയായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, എസ് പുഷ്പലത, നേഹ സി മേനോൻ, ശ്രാവന്തിക, എമി എബ്രാഹം, ശിഖ, അസ്മ, ശിൽപ്പ തുടങ്ങിയവർ പങ്കെടുത്തു.