ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.13 വർഷത്തിന് ശേഷമാണ് മെഗാസ്റ്റാറിനെ നേടി സംസ്ഥാന സർക്കാരിന്റെ പുരസ്കാരമെത്തിയത്. താരത്തിന് ആശംസയുമായി ആരാധകരും സിനിമാ ലോകവും എത്തിയിരുന്നു. എന്നാൽ ആഘോഷങ്ങളിൽ നിന്നൊക്കെ മാറി നിൽക്കുകയാണ് നടൻ . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് ആഘോഷങ്ങളിൽ നിന്ന് നടൻ വിട്ടു നിൽക്കുന്നത്.
പ്രിയപ്പെട്ട ആളുടെ വേർപാടിനേക്കാൾ വലുതല്ല അവാർഡ് ആഘോഷം എന്നാണ് താരം പറഞ്ഞത്. അവാർഡ് പ്രഖ്യാപിക്കുമ്പോൾ പുതിയ ചിത്രം ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. നെടുമ്പാശേരി ഗോൾഫ് കോഴ്സിലായിരുന്നു ഷൂട്ടിങ് നടന്നിരുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാണ് താരം ഷൂട്ടിങ്ങിനായി എത്തുന്നത്. അവാർഡ് വിവരമറിഞ്ഞ് മാധ്യമങ്ങൾ അന്വേഷിക്കുന്നതായി നിർമാതാവ് ആന്റോ ജോസഫ് മമ്മൂട്ടിയെ വിളിച്ചറിയിച്ചു. പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം- എന്നായിരുന്നു താരത്തിന്റെ മറുപടി.
വൈകാതെ സെറ്റിൽ നിന്നു കൊച്ചിയിലെ വീട്ടിലേക്ക് താരം മടങ്ങി. അവാർഡ് വിവരമറിഞ്ഞ് ‘നൻപകൽ നേരത്ത് മയക്കം’ സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി താരത്തിന്റെ വസതിയിലെത്തിയിരുന്നു.ഉമ്മൻ ചാണ്ടിയുമായി വളരെ അടുത്ത ബന്ധമാണ് മമ്മൂട്ടിക്കുണ്ടായിരുന്നത്. ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ താരം എത്തിയിരുന്നു.