കോഴിക്കോട്: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയുയർത്തി ശോഭാസുരേന്ദ്രൻ സജീവമാകുന്നു. ഇതോടെ, കഴിഞ്ഞ കുറച്ച് കാലമായി നിലച്ചിരുന്ന ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കുകയാണ്. കേരളത്തിൽ സീറ്റുറപ്പിക്കാൻ നേതൃത്വം പാടുപെടുന്നതിനിടെയാണ് ശോഭാസുരേന്ദ്രെൻറ പുതിയ നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. ഇതിനിടെയാണ് നേരത്തെ ഒതുക്കി നിർത്തിയ ശോഭാസുരേന്ദ്രൻ സ്വയം സജീവമാകുന്നത്. വിവിധ പരിപാടികളിൽ സജീവമാകാനാണ് ശോഭയുടെ തീരുമാനം. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെതിരെ നിൽക്കുന്നവരുടെ പിന്തുണയാണ് ശോഭ ഉറപ്പാക്കുന്നത്. പി.കെ.കൃഷ്ണദാസുൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണ ഇവർക്കുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം കൃഷ്ണദാസുമായി ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു.
കോഴിക്കോട് ബി.ജെ.പിയുടെ രാപ്പകൽ സമരത്തിന്റെ ഉദ്ഘാടനത്തിന് എത്തിയവേളയിലാണ് കൃഷ്ണദാസുമായി ചർച്ച നടത്തിയത്. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിടാൻ ശോഭ മടിച്ചില്ല. ബി.ജെ.പി എന്റെ കൂടി പാർട്ടിയാണ്. വഴിയിൽ തടസങ്ങൾ ഉണ്ടെങ്കിൽ അത് തട്ടിനീക്കി മുന്നോട്ടുപോകും. ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരേ പ്രചാരണം നടത്തുകയാണെന്നും ശോഭ കുറ്റപ്പെടുത്തി.ഈ വിഷയം ബി.ജെ.പിയുടെ വാട്സ് ആപ്പ് കൂട്ടായ്മയിൽ ചേരിതിരിഞ്ഞുള്ള പോരിന് വഴിവെച്ചിരിക്കുകയാണ്. കെ. സുരേന്ദ്രനെയും കേന്ദ്ര ന്ത്രി വി. മുരളീധരനെയും അനുകൂലിക്കുന്നവരാണ് ശോഭക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നത്. എന്നാലിേപ്പാൾ, ശോഭസുരേന്ദ്രൻ സജീവമായതിനു പിന്നിൽ സംസ്ഥാനത്തെ പല മുതിർന്ന നേതാക്കളുമുണ്ടെന്നാണ് അറിയുന്നത്.