സെരൗ (മണിപ്പൂർ): വംശീയസംഘർഷം രൂക്ഷമായ മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിനു പിന്നാലെ നടുക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നു. കാക്ചിങ് ജില്ലയിലെ സെരൗ ഗ്രമത്തിൽ സ്വാതന്ത്ര്യസമര സേനാനിയുടെ വൃദ്ധയായ ഭാര്യയെ സായുധസംഘം വീട്ടിൽ പൂട്ടിയിട്ട് വീടിന് തീകൊളുത്തിക്കൊന്നു. മേയ് 28ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.
സ്വാതന്ത്ര്യസമര സേനാനി അന്തരിച്ച എസ്. ചുരാചന്ദ് സിങ്ങിന്റെ ഭാര്യ ഇബെടോംബിയെയാണ് (80) ആക്രമികൾ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിൽനിന്ന് ആദരം ഏറ്റുവാങ്ങിയയാളാണ് ചുരാചന്ദ് സിങ്. പുലർച്ച ഗ്രാമത്തിലെത്തിയ സായുധസംഘം വീട് വളഞ്ഞ് തുരുതുരാ നിറയൊഴിക്കുകയായിരുന്നു. പ്രായാധിക്യംമൂലം ഓടാൻ കഴിയാത്തതിനാൽ മറ്റു കുടുംബാംഗങ്ങളോട് തന്നെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ മുത്തശ്ശി ആവശ്യപ്പെടുകയായിരുന്നുവെന്ന് പേരക്കുട്ടി പ്രേംകാന്ത പറഞ്ഞു.
മുത്തശ്ശിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തനിക്കും ആക്രമികളുടെ വെടിയേറ്റു. തലനാരിഴക്കാണ് മരണത്തിൽനിന്ന് രക്ഷപ്പെട്ടത് -പ്രേംകാന്ത പറഞ്ഞു. പിന്നീട് ആക്രമിസംഘം വീട് പുറത്തുനിന്ന് പൂട്ടി തീവെക്കുകയായിരുന്നു. രണ്ട് മാസത്തിന് ശേഷം തിരികെയെത്തുമ്പോൾ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ഇബെടോംബിയുടെ വീടിരുന്ന സ്ഥലത്ത് തകർന്ന മരക്കഷ്ണങ്ങളും ലോഹക്കഷ്ണവും മാത്രമാണ് ബാക്കിയുള്ളത്. പിന്നെ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനൊപ്പമുള്ള ഭർത്താവിന്റെ ഫോട്ടോയും.