ന്യൂഡൽഹി: തീവ്രവാദ ഫണ്ടിങ് കേസിൽ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന ജമ്മു-കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവ് യാസീൻ മാലികിനെ മുൻകൂർ അനുമതിയില്ലാതെ സുപ്രീംകോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
ഡെപ്യൂട്ടി സൂപ്രണ്ടിനെയും രണ്ട് അസി. സൂപ്രണ്ടുമാരെയും ഹെഡ് വാർഡനെയുമാണ് പ്രാഥമികാന്വേഷണത്തിൽ വീഴ്ചകണ്ടെത്തിയതായി ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്തത്. ജയിൽവിഭാഗം ഡി.ഐ.ജി രാജീവ് സിങ്ങിന്റെ നേതൃത്വത്തിൽ വിശദ അന്വേഷണവും ആരംഭിച്ചു. യാസീൻ മാലിക് വെള്ളിയാഴ്ച മുന്നറിയിപ്പില്ലാതെ ഹാജരായത് കോടതിയിൽ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. മറ്റൊരു കേസിൽ സി.ബി.ഐ സമർപ്പിച്ച അപ്പീലിൽ സ്വയം വാദിക്കാനാണ് യാസീൻ കോടതിയിലെത്തിയത്.
അതിസുരക്ഷ മേഖലയായ സുപ്രീംകോടതിയിലേക്ക് സായുധസേനയുടെ അകമ്പടിയോടെ ജയിൽവാഹനത്തിലാണ് യാസീനെ എത്തിച്ചത്. യാസീനെ കണ്ട് ആശ്ചര്യം പ്രകടിപ്പിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അപകടകാരികളായ കുറ്റവാളികളെ കേസ് നേരിട്ട് വാദിക്കാൻ അനുവദിക്കുന്നത് സംബന്ധിച്ച് നടപടിക്രമങ്ങളുണ്ടെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. നേരിട്ട് വാദിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കോടതി അറിയിക്കുകയും ചെയ്തിരുന്നു.