ബംഗളൂരു: തക്കാളി വില പ്രതീക്ഷകൾക്ക് അപ്പുറത്തായതോടെ മോഷണം ഉൾപ്പെടെയുള്ള വാർത്തകൾ നിറയുകയാണ്. ബംഗളൂരു ആർ.എം.സി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട തക്കാളി കവർച്ച കേസുമായി ബന്ധപ്പെട്ട് ദമ്പതികളെ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ ഭാസ്‌കർ, സിന്ധുജ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുമായി ബന്ധപ്പെട്ട റോക്കി, കുമാർ, മഹേഷ് എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. ജൂലൈ എട്ടിനായിരുന്നു സംഭവം. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്നും കോലാർ മാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന തക്കാളിയാണ് ദമ്പതികൾ മോഷ്ടിച്ചത്. കർഷകനെ ഭീഷണിപ്പെടുത്തി 2000 കിലോഗ്രാം തക്കാളി കടത്തുകയായിരുന്ന വാഹനം അക്രമികൾ തട്ടിയെടുത്തത്.
തക്കാളി കയറ്റിയ ലോറി ദമ്പതികൾ പിന്തുടരുകയും വണ്ടിയിലുണ്ടായിരുന്ന കർഷകനെയും ഡ്രൈവറെയും ആക്രമിച്ച് ലോറി കടത്തുകയുമായിരുന്നു. ഇവരിൽ നിന്ന് പണം ആവശ്യപ്പെട്ട പ്രതികൾ ഇത് മൊബൈലിലൂടെ അയപ്പിച്ചു. പിന്നീട് കർഷകനുമായി വഴിയിലിറക്കി ലോറിയുമായി പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടക്കുകയും തക്കാളികൾ ഇവിടെ വിൽക്കുകയും ചെയ്തുവെന്നാണ് കേസ്. വിൽപനയ്ക്ക് ശേഷം ലോറി ഉപേക്ഷിച്ച ശേഷം മറ്റൊരു വണ്ടിയിൽ കടന്നു കളഞ്ഞു. കർണാടകയിൽ തക്കാളിയുടെ വില 120 മുതൽ 150 രൂപ വരെയാണ്.