കിയവ്: യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. രാജ്യത്തിന്റെ 11 മേഖലകളിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി ആക്രമണമുണ്ടായതായാണ് യുക്രെയ്ൻ അധികൃതർ പറയുന്നത്.
ഡോണെറ്റ്സ്ക്, ബഖ്മുത്, സപൊറീഷ്യ, ചെർണിവ് എന്നീ മേഖലകളിലാണ് ആളുകൾ കൊല്ലപ്പെട്ടത്. റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ 20 വീടുകളും കാറുകളും ഗ്യാസ് പൈപ് ലൈനുകളും പ്രാദേശിക സാംസ്കാരിക കേന്ദ്രവും തകർന്നു. സപൊറീഷ്യ ആണവനിലയത്തിന് അധികം ദൂരെയല്ലാതെയും ആക്രമണമുണ്ടായതായും ആണവനിലയം തകർക്കപ്പെടാനുള്ള സാധ്യത തള്ളാനാവില്ലെന്നും യുക്രെയ്ൻ ആഭ്യന്തരമന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. അതിനിടെ അതിർത്തി ഗ്രാമങ്ങളിൽ യുക്രെയ്ൻ ക്ലസ്റ്റർ ബോംബാക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. പശ്ചിമ ബെൽഗൊറോഡ് മേഖലയിൽ ക്ലസ്റ്റർ ബോംബ് വീണതായി ഗവർണർ വ്യാചെസ്ലാവ് ഗ്ലാദ്കോവ് ട്വിറ്ററിൽ പറഞ്ഞു.