ന്യൂഡൽഹി ∙ ലോക്സഭയിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെ വൈറലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2019ലെ ‘പ്രവചനം’. 2109ൽ ബജറ്റ് സെഷനിലെ ചർച്ചയ്ക്കിടെയുള്ള മോദിയുടെ പ്രസ്താവനയാണ് വൈറലായത്. തൊട്ടുമുന്‍പത്തെ വർഷം പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ ഫലമായി ബിജെപിക്ക് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടായെന്നും അടുത്തത് 2023ൽ അവതരിപ്പിക്കണമെന്നും പ്രതിപക്ഷത്തെ പരിഹസിച്ച് മോദി പറയുന്നുണ്ട്. ‘ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു, നന്നായി തയാറെടുക്കൂ. 2023ലെങ്കിലും അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചേക്കും’ – മോദി അന്നു ലോക്‌സഭയില്‍ പറഞ്ഞത് വലിയ കൈയ്യടിക്കും ചിരിക്കും ഇടയാക്കിയിരുന്നു.
സേവന മനോഭാവത്തിന്റെ ഫലമായാണ് ബിജെപി ഭരണത്തിലെത്തിയത്. അതേസമയം അഹങ്കാരത്തിന്റെ ഫലമായാണ് നിങ്ങളുടെ അംഗസംഖ്യ 400ൽ നിന്ന് 40ലേക്ക് താഴ്ന്നതെന്നും മോദി പേരു പരാമർശിക്കാതെ കോൺഗ്രസിനെ പരിഹസിക്കുന്നുണ്ട്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ മുന്നിലിരുത്തിയാണ് അന്ന് മോദി ഇക്കാര്യം പറഞ്ഞത്.എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയാണ് 2018ൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ പാർട്ടികൾ അനുകൂലിച്ചെങ്കിലും എൻഡിഎ സഖ്യം പ്രമേയത്തെ അതിജീവിച്ചു. ഇത്തവണ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യ്ക്ക് വേണ്ടി കോൺഗ്രസും സഖ്യത്തിലില്ലാത്ത ഭാരത് രാഷ്ട്ര സമിതിയും വെവ്വേറെ അവിശ്വാസ പ്രമേയ നോട്ടിസുകൾ നൽകിയിട്ടുണ്ട്.