ഭോപാൽ ∙ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാനെ കോൺഗ്രസിലേക്കു ക്ഷണിച്ച് മുൻ മുഖ്യമന്ത്രി കമൽനാഥ്. മൂന്നു ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നതിനു പിന്നാലെയാണു ശിവരാജ് സിങ് ചൗഹാനെ ക്ഷണിച്ചുകൊണ്ടുള്ള പരിഹാസം.‘‘ധാരാളം ബിജെപി നേതാക്കൾ കോൺഗ്രസിൽ വരാൻ താൽപര്യപ്പെടുന്നു. ശിവരാജ് സിങ് ചൗഹാൻപോലും കോൺഗ്രസിലേക്കു വരാൻ ആഗ്രഹിക്കുന്നുണ്ട്. പാർട്ടിയുടെ പ്രാദേശിക യൂണിറ്റിന്റെ അനുമതിയോടെയേ അദ്ദേഹത്തെ സ്വാഗതം ചെയ്യൂ. ബിജെപി നേതാക്കളെ സ്വീകരിക്കണോ വേണ്ടയോ എന്നതു കോൺഗ്രസ് നേതൃത്വമാണു തീരുമാനിക്കുക. ഇതാണ് ഇക്കാര്യത്തിൽ എന്റെ നിലപാട്’’ – പാർട്ടി യോഗത്തിൽ കമൽനാഥ് പറഞ്ഞു.