ന്യൂഡൽഹി∙ നൂഹിലെ വർഗീയ സംഘർഷത്തിനു പിന്നാലെ ബുൾഡോസർ നടപടിക്ക് ഉത്തരവിട്ട ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കോടതികളുടെ അവകാശം കവർന്നെടുക്കുകയാണെന്ന് ലോക്‌സഭാ എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി. സംഘർഷം രൂക്ഷമായ നൂഹിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയ സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നടപടിയെ മുസ്‌ലിംകൾക്കെതിരെയുള്ള ‘കൂട്ട ശിക്ഷ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.ബുൾഡോസർ നടപടിയും നൂഹ് അക്രമവും തമ്മിൽ ബന്ധമുണ്ടെന്നതിനെ അധികാരികൾ നിഷേധിച്ചിരുന്നു. എന്നിരുന്നാലും, സമീപകാലത്ത് നടന്ന സംഘർഷത്തിൽ ഉൾപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള ചില കടകളും വീടുകളും തകർത്തതായും ഉദ്യോഗസ്ഥർ പറയുന്നു. വിവിധ പ്രദേശങ്ങളിലെ 50 മുതൽ 60 വരെ കെട്ടിടങ്ങൾ ഇതുവരെ പൊളിച്ചുമാറ്റി. അറസ്റ്റ് ഭയന്ന് പലരും പലായനം ചെയ്തു. കഴിഞ്ഞ കുറേ വർഷങ്ങളായി നീക്കം ചെയ്യാൻ കഴിയാത്ത അനധികൃത കൈയേറ്റങ്ങളാണ് അധികൃതർ ലക്ഷ്യമിടുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്.കഴിഞ്ഞ തിങ്കളാഴ്ച വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കുനേരെ ജനക്കൂട്ടം ആക്രമിച്ചതിനെത്തുടർന്ന് നൂഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ ആറു പേർ മരിച്ചു.