തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണം നേരിടുന്ന വൈപ്പിന്‍ അഴിമുഖം മുതല്‍ മുനമ്പം വരെ പ്രദേശത്തെ തീരം സംരക്ഷിക്കാൻ 230 കോടിയുടെ പദ്ധതി റിപ്പോർട്ട് തയാറാക്കിയെന്ന് മന്ത്രി ആന്റണി രാജു. “വൈപ്പിന്‍ അഴിമുഖം മുതല്‍ മുനമ്പം വരെയുള്ള പ്രദേശത്തിന്റെ തീരം സംരക്ഷിക്കുന്നത് ” സംബന്ധിച്ച് കെ. എന്‍. ഉണ്ണികൃഷ്ണന്‍ ഉന്നയിച്ച സബ്മിഷന് മന്ത്രി മറുപടി നൽകി.ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ആവശ്യപ്രകാരം കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനും ചെന്നൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ഐ.ഐ.ടി) സംയുക്തമായി വൈപ്പിന്‍ അഴിമുഖം മുതല്‍ മുനമ്പം വരെയുള്ള 25 കി.മീറ്റര്‍ തീരപ്രേദശത്തിന്റെ സമഗ്ര പഠനം നടത്തി മോഡല്‍ പഠന റിപ്പോര്‍ട്ട് തയാറാക്കി.
നിരന്തരം കടാലാക്രമണം നേരിടുന്ന ഈ തീരപ്രദേശത്ത് നിലവിലുള്ള മത്സ്യബന്ധനം, ടൂറിസം തുടങ്ങിയ ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് മാതൃകാ പഠനവും പദ്ധതിയും തയാറാക്കി. മാതൃകാ പഠന റിപ്പോര്‍ട്ട് ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിറ്റി, മറ്റു ലൈന്‍ ഡിപ്പാര്‍ട്ടുമെന്റുകളായ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ്, പൊതു മരാമത്ത് വകുപ്പ്, ജലസേചനം, ടൂറിസം എന്നീ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ അവതരിപ്പിച്ച് ചർച്ച നടത്തി.അതിന്റെ അടിസ്ഥാനത്തിൽ റിപ്പോര്‍ട്ട് പരിഷ്കരിച്ച് കേരള തീരദേശ വികസന കോര്‍പ്പറേഷനും ഐ.ഐ.ടിയും സംയുക്തമായി തയാറാക്കിയ 230 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് മെയ് 27ന് തീരദേശ വികസന കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചു.
പദ്ധതിയുടെ വിശദമായ രൂപരേഖ ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിറ്റിക്കും സെക്രട്ടറിക്ക് കേരള തീരദേശ വികസന കോര്‍പ്പറേഷന്‍ ജൂലൈ മൂന്നിന് സമര്‍പ്പിച്ചു. പദ്ധതിക്ക് ആവശ്യമായ തുക കണ്ടെത്തുന്നത് സംബന്ധിച്ചും മറ്റു വിഷയങ്ങളിലും ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിറ്റി, സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷൻ, ജലസേചന വകുപ്പ്, തദ്ദേശസ്വയം ഭരണ വകുപ്പ്, വിനോദ സഞ്ചാര വകുപ്പ് തുടങ്ങിയവരുമായി ചർച്ച നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.