തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തിലെ സ്ഥാനാർഥിയെ മണിക്കൂറുകൾക്കകം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. എത്ര മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് മാത്രമേ അറിയാനുള്ളുവെന്നും അദ്ദേഹം പറഞ്ഞു.2021ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം പുതുപ്പള്ളിയിൽ കോൺഗ്രസ് നേടും. പിണറായി വിജയൻ സർക്കാറിനെ പുതുപ്പള്ളിയിലെ ജനങ്ങൾ വിചാരണ ചെയ്യുന്ന നാളുകളാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥാനാർഥിയാരാകുമെന്നത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
കെ.പി.സി.സി പ്രസിഡന്റാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടത്. ഇതിനുള്ള കൂടിയാലോചനകൾ തുടങ്ങിയിട്ടുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. സെപ്റ്റംബർ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ. ആഗസ്റ്റ് പത്തിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം കമീഷൻ ഔദ്യോഗികമായി പുറത്തിറക്കും. ആഗസ്റ്റ് 17ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ആഗസ്റ്റ് 21ാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.