റാഞ്ചി: ബി.ജെ.പി മുൻ എം.എൽ.എ യുവാവിനെ ക്രൂരമായി മർദിക്കുന്ന വിഡിയോ പുറത്ത്. ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ ദേവേന്ദ്ര കൻവാർ ആണ് യുവാവിനെ മർദിച്ചത്. യുവാവിനെ ഏത്തം ഇടീപ്പിച്ച കൻവാർ തന്റെ തുപ്പൽ നക്കാൻ യുവാവിനെ നിർബന്ധിക്കുകയും ചെയ്തു.വിഡിയോ വിവാദമായതോടെ വിശദീകരണവുമായി കൻവാർ രംഗത്തുവന്നു. ആളുകൾ യുവാവിനെ തല്ലിക്കൊല്ലാതിരിക്കാനാണ് ഇത് ചെയ്തതെന്നാണ് വിശദീകരണം. യുവാവിനെ ചവിട്ടിയതായി സമ്മതിച്ച കൻവാർ, ഇങ്ങിനെ ചെയ്തില്ലെങ്കിൽ ജനക്കൂട്ടം ഇയാളെ ക്രൂരമായി മർദ്ദിക്കുമായിരുന്നെന്നും ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും അവകാശപ്പെട്ടു. അവിടെയുണ്ടായിരുന്ന നാട്ടുകാരുടെ രോഷം ശമിപ്പിക്കാനാണ് താൻ ഇങ്ങിനെ ചെയ്തതെന്നും നേതാവ് പറയുന്നു.
ഝാർഖണ്ഡിലെ റാഞ്ചി ജില്ലയിൽ ആഗസ്റ്റ് ആറിനായിരുന്നു സംഭവം നടന്നത്. ദുംക ജില്ലയിലെ സാധുദിഹ് ഗ്രാമത്തിലെ താമസക്കാരനായ തൗസീഫ് എന്ന യുവാവാണ് മർദിക്കപ്പെട്ടത്. നദിയിൽ സ്ത്രീകൾ കുളിക്കുന്ന വീഡിയോ ചിത്രീകരിച്ചു എന്നാരോപിച്ചാണ് യുവാവിനെ മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
2019ൽ ജാർമുണ്ടിയിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർഥിയായിരുന്നു കൻവാർ. പക്ഷേ പരാജയപ്പെട്ടു. നേരത്തെ, 1995-ൽ ജാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്നും 2000ൽ ബി.ജെ.പിയിൽ നിന്നും ഇതേ മണ്ഡലത്തിൽ നിന്ന് എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.