റിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിൽ ഗണ്യമായ കുറവ്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലെ കണക്കിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്. രാജ്യത്തുനിന്ന് സ്വദേശികളുടെയും വിദേശികളുടെയും വിദേശ പണമയക്കലിലാണ് കാര്യമായ കുറവുണ്ടായത്. സൗദി സെൻട്രൽ ബാങ്ക് (സാമ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂണിൽ വിദേശത്തുള്ള സൗദി പൗരന്മാരുടെ പണമയയ്ക്കൽ 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 24 ശതമാനം കുറഞ്ഞ് 5.16 ശതകോടി റിയാലിലെത്തി. കഴിഞ്ഞ വർഷം ജൂണിൽ ഇത് ഏകദേശം 6.75 ശതകോടി റിയാൽ ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജൂണിൽ രാജ്യത്ത് നിന്നുള്ള വിദേശികളുടെ പണം കൈമാറ്റത്തിൽ 18 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏകദേശം 10.8 ശതകോടി റിയാൽ ആണ് ഇക്കഴിഞ്ഞ ജൂണിൽ വിദേശികൾ പുറത്തേക്കയച്ച പണം. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 13.2 ശതകോടി റിയാൽ ആയിരുന്നു. കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ വിദേശികളുടെ പണമയയ്ക്കലിൽ നാല് ശതമാനം കുറവ് വന്നതായും സാമ പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു.