ഇൻഡോർ∙ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശ് സർക്കാരിനെതിരെ സമൂഹമാധ്യമ പോസ്റ്റിലൂടെ ഉയർത്തിയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഇൻഡോർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, മുൻ കേന്ദ്രമന്ത്രി അരുൺ യാദവ് എന്നിവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെയും ഇതേ വിഷയത്തിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.ബിജെപിയുടെ പ്രാദേശിക നേതാവ് നിമേഷ് പഥക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വഞ്ചന, അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ആരോപണം കോൺഗ്രസ് തെളിയിക്കണമെന്നും, പ്രിയങ്ക പ്രതിപാദിക്കുന്ന കത്ത് വ്യാജമാണെന്നുമാണ് ബിജെപിയുടെ വാദം.
പ്രിയങ്കയുടെ ആരോപണം തള്ളിയ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, പ്രസ്തുത ആരോപണത്തിൽ തെളിവ് ഹാജരാക്കാന്‍ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ അസത്യം പ്രചരിപ്പിക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശ് പൊലിസ് കേസ് റജിസ്റ്റർ ചെയ്തത്.ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ, ‘50 ശതമാനം കമ്മിഷൻ സർക്കാർ’ ആരോപണം കോൺഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നു. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയകരമായി ഉപയോഗിച്ച ‘40 ശതമാനം കമ്മിഷൻ സർക്കാർ’ പ്രചാരണത്തിന്റെ ചുവടുപിടിച്ചായിരുന്നു ഈ ആരോപണം.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 11നാണ് മധ്യപ്രദേശ് സർക്കാരിനെതിരെ 50 ശതമാനം കമ്മിഷൻ എന്ന ആരോപണം പ്രിയങ്ക ഗാന്ധി ഉയർത്തിയത്. എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പ്രിയങ്ക മധ്യപ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. സംസ്ഥാന സർക്കാരിന് 50 ശതമാനം കമ്മിഷൻ നൽകിയാൽ മാത്രമേ ബില്ലുകൾ മാറിക്കിട്ടുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ഒരു സംഘം കരാറുകാർ മധ്യപ്രദേശ് ചീഫ് ജസ്റ്റിസിന് കത്തെഴുതിയതായി പ്രിയങ്ക ഈ പോസ്റ്റിൽ ആരോപിച്ചിരുന്നു.‘‘കർണാടകയിലെ അഴിമതി നിറഞ്ഞ ബിജെപി സർക്കാർ 40 ശതമാനം കമ്മിഷനാണ് കരാറുകാരിൽനിന്ന് ഈടാക്കിയിരുന്നത്. മധ്യപ്രദേശിൽ, സ്വന്തം റെക്കോർഡ് തന്നെ തകർത്ത് ബിജെപി അഴിമതിയിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നു. കർണാടകയിലെ ജനങ്ങൾ ‘40 ശതമാനം കമ്മിഷൻ സർക്കാരിനെ’ തൂത്തെറിഞ്ഞു. ഇനി മധ്യപ്രദേശിലെ ജനങ്ങൾ ‘50 ശതമാനം കമ്മിഷൻ സർക്കാരി’നെയും അധികാരത്തിൽനന്ന് പുറത്താക്കും’ – പ്രിയങ്ക കുറിച്ചു.