തിരുവനന്തപുരം : ട്രാൻസ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്‍റെ ആത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. പരാതി കിട്ടി ആറുമാസത്തിന് ശേഷമാണ് നടപടി. ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥ മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടതിനാലാണ് അനന്യ ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് മണിക്കൂറുകൾക്കുള്ളിലാണ് അനന്യ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ചത്. ഒരു വർഷം മുമ്പ് ചെയ്ത ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്ന് അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീഴ്ച്ചയെ തുടർന്നാണ് അനന്യ ആത്മഹത്യ ചെയ്തതെന്നായിരുന്നു സുഹൃത്തുക്കൾ പരാതിപ്പെട്ടത്. അനന്യയുടെ മരണത്തിന് പിന്നാലെ പങ്കാളി ജിജു ഗിരിജാ രാജും ആത്മഹത്യ ചെയ്തിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. ഏറെനേരം എഴുന്നേറ്റ് നിൽക്കാന്‍ പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ചികിത്സാപിഴവ് ഉണ്ടായെന്ന പരാതിക്ക് പിന്നാലെ അനന്യയ്ക്ക് ഹോസ്പിറ്റലിൽ നിന്ന് മർദ്ദനമേറ്റിരുന്നതായി പിതാവ് അലക്സാണ്ടർ പറഞ്ഞിരുന്നു. വേദനകൊണ്ട് പിടഞ്ഞപ്പോൾ പോലും ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടിട്ട് കിട്ടിയില്ല. നിങ്ങളെന്നെ പരീക്ഷണ വസ്തുവാക്കുകയാണോ എന്ന് അനന്യ ചോദിച്ചിരുന്നെന്നും അലക്സാണ്ടർ പറഞ്ഞിരുന്നു.