കോഴിക്കോട് : 60 ദിവസം പ്രായമായ കുഞ്ഞിന്റെ കരള്‍ മാറ്റ ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്താനാകാതെ വലഞ്ഞ് കുടുംബം. കുഞ്ഞിന് കരള്‍ നല്‍കാന്‍ അമ്മ തയ്യാറാണെങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ് കുടുംബത്തിന് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നത്. ഒന്നരമാസം പ്രായമുള്ള അനൈകയ്ക്ക് ഉടന്‍ ശസ്ത്രക്രിയ നടത്തിയാലേ ജീവിതത്തിലേക്ക് തിരിച്ചുവരാനാകൂ. വളരെ കുറച്ച് സമയം മാത്രം മുന്നിലുള്ളപ്പോള്‍ വലിയ തുക എങ്ങനെ സ്വരുക്കൂട്ടി ശസ്ത്രക്രിയ നടത്തുമെന്ന ആശങ്കയിലാണ് കോഴിക്കോട് മണിയൂരിലെ കുടുംബം. ജനിച്ചപ്പോള്‍തന്നെ കരളില്‍ മുഴയുള്ളതിനാല്‍ ആറു മാസത്തിനുള്ളില്‍ കരള്‍ മാറ്റിവെച്ചാല്‍ മാത്രമേ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. അമ്മ അനുപ്രിയ കുഞ്ഞിന് കരള്‍ പകുത്ത് നല്‍കാന്‍ തയാറാണ്. പക്ഷേ ശസ്ത്രക്രിയയ്ക്കായുള്ള തുക മാത്രം ഇതുവരെ കണ്ടെത്താന്‍ ഈ കുടുംബത്തിന് കഴിഞ്ഞില്ല. പരിചയക്കാരോടും ബന്ധുക്കളോടും പണത്തിനായി അപേക്ഷിച്ചുവെങ്കിലും പണം തികയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
ശസ്ത്രക്രിയയ്ക്ക് 40 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. കുടുംബത്തിന് ചികിത്സയുടെ ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. സുമനസുകള്‍ കഴിയാവുന്ന വിധത്തില്‍ സഹായിക്കുന്നുണ്ടെങ്കിലും അനൈകയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇനിയും പണം കണ്ടെത്തിയേ തീരൂ. അനൈകയുടെ ചികിത്സാ സഹായത്തിനായി കേരള ബാങ്കിന്റെ പയ്യോളി ബസാര്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 40209101069532
ഐ.എഫ്.എസ് കോഡ്: KLGB0040209
ഗൂഗിള്‍ പേ നമ്പര്‍: 9447543775