പെരുമ്പാവൂർ : കൂവപ്പടി ബ്‌ളോക്ക് പഞ്ചായത്തിന് കീഴിൽ പെരുമ്പാവൂർ നഗരസഭയിൽ പട്ടികജാതിക്കാർക്കുളള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന നടപടികളിൽ വൻതോതിൽ ക്രമക്കേടുകളും സ്വജനപക്ഷപാതവും കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് എസ്.സി പ്രമോട്ടർമാരെ പുറത്താക്കി. കെ.കെ.സുമേഷ്, കെ.സി. മായ എന്നിവരെയാണ് ജില്ലാ പട്ടികജാതി വികസന ഓഫീസർ പുറത്താക്കിയത്. കെ.കെ.സുമേഷ് സി പി എം കടുവാൾ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കെ.സി. മായ സജീവ ഇടതുപക്ഷ പ്രവർത്തകയാണ്. സുമേഷ് മാതൃഭൂമി ചാനലിന്റെ പെരുമ്പാവൂരിലെ സ്റ്റിംഗറും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ എറണാകുളം ജില്ലാ സെക്രട്ടറിയുമാണ്. ഈ സ്വാധീനവും ദുരുപയോഗം ചെയ്താണ് ക്രമക്കേടുകൾ നടത്തിയത്. പട്ടികജാതിക്കാർക്ക് വീടും സ്ഥലവും ലഭിക്കുന്നതിനുളള അപേക്ഷകരെക്കുറിച്ചുളള സത്യാവസ്ഥകൾ മറച്ച് വെയ്ക്കൽ, ഇഷ്ടക്കാർക്ക് മാനദണ്ഡങ്ങൾ നോക്കാതെ ആനുകൂല്യങ്ങൾ ലഭ്യമാക്കൽ എന്നിവയാണ് ഇവർക്കെതിരെയുളള ക്രമക്കേടുകൾ.
അർഹരായ പല അപേക്ഷകളും തടഞ്ഞ് വെച്ചാണ് ഇഷ്ടക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കാനായി ഇവർ കൂട്ട് നിന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പലവട്ടം ഇരുവരെയും വിളിച്ച് താക്കീത് നൽകിയെങ്കിലും സി.പി. എമ്മിന്റെ പ്രവർത്തകരായതിനാൽ ഇരുവരും ഇത് ചെവികൊളളാതെ വീണ്ടും ക്രമക്കേടുകൾ തുടരുകയായിരുന്നെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് കൂവപ്പടി ബ്‌ളോക്ക് എസ്.സി ഡെവലപ്‌മെന്റ് ഓഫീസർ രാജീവ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ നടപടി എടുക്കുകയായിരുന്നു.
നിർധനരായ പട്ടികജാതിക്കാരെ സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങളെക്കുറിച്ച് അറിയിക്കാനും അർഹമായവർക്ക് ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കാനുളള നടപടിക്രമങ്ങൾക്ക് സഹായം നൽകാനുമാണ് ബ്‌ളോക്കുകൾ കേന്ദ്രീകരിച്ച് എസ്.സി പ്രമോട്ടർമാരെ നിയമിക്കുന്നത്. ഇവർക്ക് പതിനായിരം രൂപ വീതം ഓണറേറിയവും ലഭിക്കുന്നുണ്ട്. സുമേഷ്, മായ എന്നിവരുടെ ഇടപെടലിൽ ലഭിച്ച അപേക്ഷകൾ പുന:പരിശോധന നടത്തുന്ന കാര്യവും ജീവനക്കാർ പരിഗണിച്ച് വരികയാണ്. സംഭവത്തിൽ പുറത്താക്കപ്പെട്ടവർക്കെതിരെ കേസ് നൽകുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ട്.