തിരുവനന്തപുരം: പ്രവർത്തക സമിതി പുനഃസംഘടനയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്ക് ഒരു പരാതിയുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. അദ്ദേഹത്തിന് അതൃപ്തി ഇല്ലെന്ന കാര്യം 100 ശതമാനം ഉറപ്പാണെന്നും സുധാകരൻ പറഞ്ഞു. ‘രമേശ് ചെന്നിത്തലക്ക് ഒരു പരാതിയുമില്ല. ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചു. അഭിപ്രായ വ്യത്യാസം രമേശ് ചെന്നിത്തല ഇതുവരെ പറഞ്ഞിട്ടില്ല. പൂർണമായും അദ്ദേഹത്തിന് അർഹതപ്പെട്ട രീതിയിൽ പോസ്റ്റ് കിട്ടിയെന്ന് പറയില്ല. പക്ഷേ അദ്ദേഹത്തിന് അതൃപ്തി ഇല്ലെന്ന കാര്യം 100 ശതമാനം ഉറപ്പാണ്’ -സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
39 അംഗ സമിതിയിൽ കേരളത്തിൽനിന്ന് എ.കെ. ആന്‍റണിയെയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും നിലനിർത്തുകയായിരുന്നു. ഉമ്മൻ ചാണ്ടിക്ക് പകരം ശശി തരൂരിനെ ഉൾപ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷ് സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. 2004ന് ശേഷം വീണ്ടുമൊരിക്കൽ കൂടി രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കുകയായിരുന്നു.അംഗത്വം നിഷേധിക്കപ്പെട്ടതിൽ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തിയുണ്ട്. ‘പ്രതികരിക്കാനില്ല’ എന്ന് പറഞ്ഞാണ് തന്റെ പ്രതിഷേധവും രോഷവും ചെന്നിത്തല പ്രകടിപ്പിച്ചത്.