കൊച്ചി : മയക്കുമരുന്ന് കേസിൽ ടാൻസാനിയൻ പൗരന് രണ്ട് വകുപ്പുകളിലായി ഇരുപത് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തിയ കേസിലാണ് വിദേശിക്ക് എറണാകുളം അഡീഷണൽ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. ടാൻസാനിയൻ പൗരനായ അഷ്‌റഫ് മോട്ടോറോസാഫിയെയാണ് കോടതി ശിക്ഷിച്ചത്.2021 ജൂലൈ 12 നാണ് ഇയാള്‍ കൊച്ചി വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 4346 ഗ്രാം മയക്കുമരുന്നാണ് ഡി ആര്‍ ഐ പിടികൂടിയത്. ട്രോളി ബാഗിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അറസ്റ്റിലായ അഷ്‌റഫ് മോട്ടോറോസാഫി വിയ്യൂർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.അന്വേഷണത്തില്‍ അഷ്‌റഫ് മോട്ടോറോസാഫി ഇന്ത്യയിലേക്ക് വന്നത് വ്യാജ രേഖകകള്‍ ഉപയോഗിച്ചാണെന്നും കണ്ടെത്തി.
കഴിഞ്ഞ ദിവസം എൻ ഡി പി എസ് നിയമത്തിലെ സെക്ഷൻ 21(സി),സെക്ഷൻ 23 എന്നിവ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മയക്ക് മരുന്ന് കൊണ്ടുവന്നില്ലെന്ന് കോടതിയില്‍ പറഞ്ഞ പ്രതി വ്യാജ രേഖകള്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് വന്നത് നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണെന്നും പറഞ്ഞു. ഭവിഷത്തുകള്‍ വേണ്ട വിധത്തില്‍ മനസിലാക്കാനായില്ലെന്നും ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും അഷ്‌റഫ് മോട്ടോറോസാഫി കോടതിയില്‍ പറഞ്ഞു. രണ്ട് വകുപ്പുകളിലുമായി പത്ത് വര്‍ഷം വീതം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ രണ്ടുകേസുകളിലുമായി ആകെ പത്ത് വര്‍ഷമായിരിക്കും അഷ്‌റഫ് മോട്ടോറോസാഫിക്ക് ജയിലില്‍ കഴിയേണ്ടി വരിക.