കോട്ടയം: പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിൽ വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന പരാതിയില്‍ സതിയമ്മക്കെതിരെ കേസ്. താൽക്കാലിക സ്വീപ്പർ ജീവനക്കാരിയായിരുന്ന പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ സതിയമ്മക്കെതിരെ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. പുതുപ്പള്ളി ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോൾ, പ്രസിഡന്‍റ് ജാനമ്മ, വെറ്ററിനറി സെന്‍റർ ഫീൽഡ് ഓഫിസർ ബിനു എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.
രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ലിജിമോളാണ് സതിയമ്മക്കെതിരെ പരാതി നല്‍കിയത്. പുതുപ്പള്ളി വെറ്ററിനറി സെന്‍ററിൽ ജോലി ചെയ്തിട്ടില്ലെന്നും ഒപ്പിടുകയോ വേതനം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നുമാണ് ലിജിമോളുടെ പരാതിയിൽ പറഞ്ഞിരുന്നത്.
വാർത്താചാനലിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിന് താൽക്കാലിക ജീവനക്കാരിയായ സതിയമ്മയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയെന്നായിരുന്നു യു.ഡി.എഫ് ആരോപണം. ഇത് വൻ രാഷ്ട്രീയ വിവാദമായതോടെ മൃഗസംരക്ഷണവകുപ്പ് മന്ത്രിയടക്കം വിശദീകരണവുമായി രംഗത്തെത്തി. സതിയമ്മയല്ല, മറിച്ച് ലിജിമോളാണ് മൃഗാശുപത്രിയിലെ ജോലിക്കാരിയെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.
ആളുമാറിയാണ് സതിയമ്മ ജോലി ചെയ്തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ നീക്കം ചെയ്തതെന്നുമായിരുന്നു മന്ത്രിയുടെ വാദം. വിഷയത്തിൽ സി.പി.എം നേതൃത്വവും ഇടപെട്ടിരുന്നു. സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിൽ ലിജിമോൾ വാർത്തസമ്മേളനവും നടത്തി. എന്നാൽ, താനും ലിജിമോളും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണെന്നും ആറു മാസം വീതം ഊഴംവെച്ചാണ് സ്വീപ്പർ ജോലി ചെയ്തിരുന്നതെന്നും സതിയമ്മ പറഞ്ഞിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉള്ള ലിജിമോൾ തന്‍റെ വീട്ടിലെ അവസ്ഥ കൂടി മനസ്സിലാക്കി ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. ഈ വാദം ലിജിമോൾ വാർത്തസമ്മേളനത്തിൽ തള്ളി. തുടർന്ന് ഇവർ പൊലീസിൽ പരാതിയും നൽകുകയായിരുന്നു. കുടുംബശ്രീ നിർദേശിക്കുന്നവരെയാണ് മൃഗാശുപത്രിയിൽ സ്വീപ്പർ ജോലിയിൽ നിയമിക്കുന്നത്.
അതേസമയം, കേസിനെ ഭയമില്ലെന്നും നിയമപരമായി നേരിടുമെന്നും സതിയമ്മ പറഞ്ഞു. ആൾമാറാട്ടം നടത്തിയിട്ടില്ല. സത്യസന്ധമായാണ് ജോലി ചെയ്തത്. ലിജിമോളുടെ സമ്മതത്തോടെയാണ് ജോലി ചെയ്തത്. താൻ ജോലി ചെയ്യുന്ന കാര്യം എല്ലാവർക്കും അറിയാമായിരുന്നുവെന്നും അവർ പറഞ്ഞു. സതിയമ്മക്ക് പിന്തുണ നൽകുമെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കി.