കോളിവുഡിന്റെ ഇതുവരെയുള്ള റെക്കോർഡുകൾ മറികടന്ന് രജനികാന്തിന്റെ ജയിലർ തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. ആഗസ്റ്റ് 10 ന് പ്രദർശനത്തിനെത്തിയ ചിത്രം 26 ദിവസം കൊണ്ട് 338 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. 650 കോടിയാണ് ആഗോളതലത്തിൽ ജയിലറുടെ കളക്ഷൻ.
ജയിലർ ആരാധകരിൽ ആവേശമാകുമ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ താരമാവുകയാണ് രജനികാന്ത്. ഷാറൂഖ് ഖാനെ പിന്തള്ളിയാണ് തലൈവർ മുന്നിലെത്തിയിരിക്കുന്നത്. പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 210 കോടി രൂപയാണ് നടന്റെ ജയിലറിന്റെ പ്രതിഫലം.
ദിവസങ്ങൾക്ക് മുമ്പ് ജയിലറിന്റെ നിർമാതാവ് കാലാനിധി മാരൻ രജനിക്ക് ലാഭവിഹിതവും പോർഷെ കാറും സമ്മാനമായി നൽകിയിരുന്നു. രജനിയുടെ ചെന്നൈയിലെ വസതിയിലെത്തിയാണ് നിർമാതാവ് കലാനിധിമാരൻ ചെക്ക് കൈമാറിയത്. ഇതിന്റെ ചിത്രങ്ങൾ സൺ പിക്ചേഴ്സ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ എത്രരൂപയാണ് സമ്മാനമായി നൽകിയതെന്ന് വ്യക്തമാക്കിയിരുന്നില്ല . എന്നാൽ 100 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റിന ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതു കൂടാതെയാണ് ഒരു പോർഷെ കാർ തലൈവർക്ക് നൽകിയത്.
ഐഎംഡിബി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പ്രതിഫലത്തിൽ രണ്ടാം സ്ഥാനത്ത് ഷാറൂഖ് ഖാൻ ആണ്. 100-200 കോടിയാണ് ഒരു ചിത്രത്തിന് താരം വാങ്ങുന്നത്.