തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഓണം ബംപര്‍ ഭാഗ്യക്കുറി വില്‍പ്പനയില്‍ സര്‍വ്വകാല റെക്കോര്‍ഡ് സൃഷ്ടിച്ചു. ഏകദേശം 70 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചു എന്നാണ് കണക്കുകള്‍ പുറത്തു വരുന്നത്. കഴിഞ്ഞ തവണ സൃഷ്ടിച്ച റെക്കോര്‍ഡ് ആണ് ഇത്തവണ ഭാഗ്യക്കുറി വകുപ്പ് മറികടന്നത്. നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ ഇനിയും ടിക്കറ്റുകള്‍ വലിയ രീതിയില്‍ വിറ്റഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞതവണ വിറ്റത് 66.50 ലക്ഷം ടിക്കറ്റുകളായിരുന്നു.
അതേസമയം ഇത്തവണ 80 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. പരമാവധി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാമെന്നാണ് നിയമം. അവസാന ദിവസങ്ങളില്‍ ടിക്കറ്റ് ക്രമാതീതമായ രീതിയില്‍ വര്‍ദ്ധിക്കും എന്ന് തന്നെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നതും. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ലോട്ടറി സമ്മാനവും ഓണം ബംപറിന്റേതാണ്. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. 25 കോടി സമ്മാനത്തുകയില്‍ 10 ശതമാനം ഏജന്റിന് കമ്മീഷന്‍ ഇനത്തില്‍ പോകും. ശേഷിക്കുന്ന തുകയില്‍ 30 ശതമാനം നികുതി കഴിച്ചുള്ള തുകയാണ് വിജയിക്ക് ലഭിക്കുക. 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഓണം ബംപറിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.