ദില്ലി: മിത്ത് വിവാദത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. സ്പീക്കര്‍ ഷംസീറിനെതിരെ കേരള പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി എത്തിയത്. സനാതന ധര്‍മ്മ വിവാദത്തില്‍ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയില്‍ തമിഴ്‌നാട് പോലീസിനെതിരെയും ഹര്‍ജിയില്‍ നടപടി ആവശ്യപ്പെടുന്നുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. വിദ്വേഷപ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് ഹര്‍ജി. പികെഡി നമ്പ്യാരാണ് ഹര്‍ജി നല്‍കി.
ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസില്‍ നടന്ന വിദ്യജ്യോതി പരിപാടിയില്‍ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഷംസീര്‍ പറഞ്ഞത്. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വകാലം മുതല്‍ക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താന്‍ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നാണ്. എന്നാല്‍, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.