ന്യൂഡൽഹി > ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ചെയ്യുന്ന 128 -ാം ഭരണഘടനാ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പിട്ടു. ഇതോടെ ബിൽ നിയമമായെങ്കിലും വനിതസംവരണം എപ്പോൾ നടപ്പാകുമെന്നതിൽ അനിശ്‌ചിതത്വമാണ്. മണ്ഡല പുനർനിർണയം കൂടി പൂർത്തീകരിച്ച ശേഷമേ വനിതാ സംവരണം നിലവിൽ വരൂ എന്ന വ്യവസ്ഥ ബില്ലിൽ ഉൾക്കൊള്ളിച്ചതാണ് ഇതിനു കാരണം.
സെൻസസ് കണക്കിന്റെ അടിസ്ഥാനത്തിലാണ് മണ്ഡല പുനർനിർണയം നടക്കേണ്ടത്. കോവിഡിന്റെ പേരിൽ 2021ലെ സെൻസസ് നീട്ടിയതോടെ ഇക്കാര്യത്തിൽ ആശയക്കുഴപ്പമാണ്. 2024ൽ പുതിയ സർക്കാർ വന്നശേഷം സെൻസസ് നടപടികൾ പുനരാരംഭിച്ചാലും പൂർത്തീകരിക്കാൻ രണ്ടോ മൂന്നോ വർഷം വേണം. തുടർന്ന് മണ്ഡല പുനർനിർണയവും വർഷങ്ങൾ വേണ്ടിവരുന്ന പ്രക്രിയയാണ്. 2029നും അപ്പുത്തേയ്‌ക്ക് വനിതസംവരണം നീണ്ടുപോകും. 2034 വരെ നീണ്ടുപോയേക്കാമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഛത്തീസ്‌ഗഢിൽ പ്രതികരിച്ചു.
നാരിശക്തി വന്ദൻ അദിനിയാം എന്ന് പേരിട്ട ബിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് പാസാക്കിയത്. നിയമം ഉടൻ നടപ്പാക്കണമെന്നും ഒബിസി ഉപസംവരണം വ്യവസ്ഥ ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല.