തിരുവനന്തപുരം > മദ്യപിച്ചെത്തി ഭാര്യയെ തലയ്‌ക്കടിച്ചു കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. മുദാക്കൽ ചെമ്പൂര് കളിക്കൽ കുന്നിൻ വീട്ടിൽ നിഷയെ തലയ്ക്കടിച്ചു കൊന്ന ഭർത്താവ് അഴൂർ മുട്ടപ്പലം പുതുവൽവിള വീട്ടിൽ സന്തോഷിനെയാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ വിഷ്ണു, കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശനിയാഴ്‌ച ശിക്ഷ വിധിക്കും.
2011 ഒക്ടോബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥിരം മദ്യപാനിയായ സന്തോഷ് നിരന്തരം നിഷയെ ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു. മർദനം സഹിക്കാതായപ്പോൾ നിഷ ആറ്റിങ്ങൽ സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് സന്തോഷിനെ തിരഞ്ഞ് പൊലീസ് നിഷയുടെ വീട്ടിലെത്തി. ഇതറിഞ്ഞ സന്തോഷ് അന്ന് വീട്ടിൽനിന്ന് മാറി നിന്നു. പിറ്റേന്ന് രാവിലെ നിഷയുടെ വീട്ടിലെത്തി വഴക്കിട്ടു. നിഷയുടെ അമ്മ രാധയും സഹോദരി രമ്യയും വീട്ടിലുള്ളതിനാൽ സന്തോഷ് തൊട്ടടുത്ത വേങ്ങോട് ജങ്‌ഷനിലേക്ക് പോയി.
സഹോദരി ജോലിക്കും അമ്മ വീട്ടുസാധനങ്ങൾ വാങ്ങാനും പോയെന്ന് മനസ്സിലാക്കി വീണ്ടും വീട്ടിലെത്തി. തുണി അലക്കി വിരിക്കുകയായിരുന്ന നിഷയെ കമ്പിപ്പാരയുപയോഗിച്ച് തലയ്‌ക്കടിച്ചുവീഴ്‌ത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന് മരിച്ചു.
അച്ഛൻ അമ്മയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു വീഴ്‌ത്തിയത് കണ്ടെന്ന് മകൾ സനീഷയും തറയിൽ വീണ നിഷയെ വീണ്ടും സന്തോഷ് മർദിക്കുന്നത് കണ്ടെന്ന് അയൽവാസി സുനിതയും കോടതിയിൽ മൊഴി നൽകിയിരുന്നു. മകളുടെ നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് പ്രതിയെ പിടികൂടി ആറ്റിങ്ങൽ പൊലീസിന് കൈമാറിയത്.
ആദ്യഘട്ടത്തിൽ വിചാരണയ്‌ക്കെത്തിയ പ്രതി പിന്നീട് ഒളിവിൽ പോയി. പിന്നീട് പിടിയിലായി റിമാൻഡിൽ കഴിഞ്ഞാണ് വിചാരണ നേരിട്ടത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ, ദേവിക മധു, അഖിലാ ലാൽ എന്നിവർ ഹാജരായി. ആറ്റിങ്ങൽ സിഐ ആയിരുന്ന ബി അനിൽകുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.