പൂക്കോട്ടുംപാടം: കപ്പലിൽ ജീവനക്കാരനായ നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശിയെ കാണാതായതായി പരാതി. ചേലോട് കൈനാരി കേശവദാസിന്റെയും ഗിരിജയുടെയും മകൻ മനേഷ് കേശവദാസി (43)നെയാണ് ബുധനാഴ്ചമുതല്‍ കാണാതായത്. ലൈബീരിയയിൽ രജിസ്റ്റർചെയ്ത ഡൈനാകോം കമ്പനിയുടെ എംടി പാറ്റ്മോസ് 1/ഐഎംഒ 9800245 എന്ന കപ്പലിലെ സെക്കന്‍ഡ് ഓഫീസറാണ് മനേഷ്.
യുഎഇയിലെ ജബൽ ധനയിൽനിന്ന് പോർട്ട് ഡിക്സൺ മലേഷ്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. ബുധനാഴ്ച പുലർച്ചെ നാലരയ്ക്ക് ജോലികഴിഞ്ഞ് മുറിയിലേക്ക് പോയ മനേഷിനെ പിന്നീട് കാണാതാവുകയായിരുന്നു. പുലർച്ചെ ഒന്നിന് ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. രാവിലെ 6.30ന് സുഹൃത്തിനെ വിളിച്ച് ജന്മദിനാശംസകളും അറിയിച്ചിരുന്നു. പിന്നീട് ഫോൺ ചാർജിനിട്ട നിലയിലായിരുന്നു. വൈകിട്ട് നാലരയോടെയാണ് കപ്പൽ കമ്പനി അധികൃതർ ഫോണ്‍വിളിച്ച് കുടുംബത്തെ വിവരമറിയിക്കുന്നത്. കമ്പനി പ്രതിനിധി കോഴിക്കോട്ടെ ഫ്ലാറ്റിലെത്തുകയുംചെയ്തു.
സംഭവത്തില്‍ മനേഷിന്റെ കുടുംബം കേന്ദ്രമന്ത്രിമാർ, എംപിമാർ, ഷിപ്പിങ് ഡയറക്ടറേറ്റ് ജനറല്‍, കോഴിക്കോട് പൊലീസ് കമീഷണർ എന്നിവര്‍ക്ക് പരാതി നൽകി. വർഷങ്ങളായി കപ്പലിൽ ജോലിചെയ്യുന്ന മനേഷ് ആഗസ്ത് ആദ്യവാരമാണ് ലീവിനുശേഷം ജോലിയിൽ പ്രവേശിക്കുന്നത്.












