ഏറെ ആരാധകരുള്ള റഷ്യന്‍ യുട്യൂബറാണ് കോക്കോ എന്ന ക്രിസ്റ്റീന. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ആളുകളാണ് ‘കോക്കോ ഇന്‍ ഇന്ത്യ’ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. റഷ്യക്കാരിയായ ഇവര്‍ ഇപ്പോള്‍ ഇന്ത്യയിലാണ് താമസിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കോക്കോ യുട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചാവിഷയമാണ്. തന്നെ ശല്ല്യം ചെയ്യുന്ന ഒരു ഇന്ത്യന്‍ യുവാവിന്റെ വീഡിയോയാണ് അവര്‍ യൂട്യൂബിൽ പങ്കുവെച്ചത്.ഡൽഹിയിലെ സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ നിന്നാണ് കോക്കോയ്ക്ക് ഇത്തരത്തിലൊരു ദുരനുഭവം നേരിട്ടത്. വീഡിയോകള്‍ കാണാറുണ്ടെന്നും സുഹൃത്താകണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ക്രിസ്റ്റീനയെ സമീപിച്ചത്. എന്നാല്‍ പരിചയമില്ലാത്തതിനാല്‍ സുഹൃത്താക്കാന്‍ സാധിക്കില്ലെന്നും കോക്കോ മറുപടി നല്‍കി. യുവാവ് പിന്നീട് കോക്കോയുടെ പിറകെ നടന്ന് ശല്യം ചെയുകയായിരുന്നു. സംഭവം യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും പെട്ടെന്ന് വൈറലാവുകയും ചെയ്തു.
ഒരു റഷ്യൻ സുഹൃത്ത് എന്നുള്ളത് സ്വപ്നമാണെന്ന് യുവാവ് പറഞ്ഞു. എന്തുകൊണ്ട് ഇന്ത്യൻ സുഹൃത്തുക്കളെ വേണ്ട എന്ന ചോദ്യത്തിനു ഇന്ത്യക്കാരെ മടുത്തു എന്നാണ് യുവാവ് മറുപടി നൽകിയത്. കുറച്ചുനേരത്തെ സംഭാഷണത്തിന് ശേഷം കോക്കോയുടെ രൂപത്തെക്കുറിച്ച് യുവാവ് അസഭ്യമായ പരാമർശങ്ങൾ നടത്തുന്നുണ്ട്. ഇതോടെ കോക്കോ അസ്വസ്ഥതയാകുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടർന്ന് വേഗത്തില്‍ ബൈ പറഞ്ഞ് യുവതി വീഡിയോ അവസാനിപ്പിക്കുകയായിരുന്നു.
വീഡിയോയുടെ കമന്റിലൂടെ ഇത്തരം ആളുകളെ സുഹൃത്താക്കുകയേ ചെയ്യരുതെന്ന് ആളുകള്‍ കോക്കോയോട് പറയുന്നു. മോശം പെരുമാറ്റമാണ് യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മറ്റ് ഇന്ത്യക്കാരുടെ പേര് കൂടി കളങ്കപ്പെടുത്തുമെന്നും ആളുകള്‍ കമന്റ് ചെയ്തു.
https://www.madhyamam.com/world/russian-youtuber-koko-in-india-harassed-by-man-in-delhis-sarojini-nagar-market-1216822