ജയ്പൂർ: രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ ഉൾപ്പെടുത്തി ബി.ജെ.പി 83 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു. പരമ്പരാഗത ജൽറപാടൻ സീറ്റിൽ നിന്നാണ് വസുന്ധര മത്സരിക്കുക. കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്തുമായി തർക്കത്തിലായിരുന്നു വസുന്ധര.2018ൽ ശെഖാവത്തിനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ അധ്യക്ഷനായി നിയമിച്ചതിനെ വസുന്ധര എതിർത്തിരുന്നു. അതിനു ശേഷം ഇരുനേതാക്കളും ഇടപഴകിയിട്ടില്ല. ശെഖാവത്തിന്റെ നിയമനം 2018ലെ തെരഞ്ഞെടുപ്പിൽ ജാട്ട് സമുദായത്തെ പാർട്ടിയിൽ നിന്ന് അകറ്റുമെന്നായിരുന്നു ആരോപണം.ബി.ജെ.പിയുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ നിന്ന് വസുന്ധരയെ ഒഴിവാക്കിയതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. വസുന്ധരയുടെ അനുയായികളും സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയും പങ്കെടുത്ത പാർട്ടി യോഗത്തിലാണ് വസുന്ധരയുടെ സ്ഥാനാർഥിത്വ കാര്യത്തിൽ തീരുമാനമായത്.
ഗ്വാളിയോറിലെ മുൻ ഭരണാധികാരികളായ സിന്ധ്യ രാജകുടുംബത്തിലെ അംഗമാണ് വസുന്ധര. അവരുടെ അമ്മ വിജയരാജെ സിന്ധ്യ ഭാരതീയ ജനസംഘത്തിലും (ബി.ജെ.എസ്) പിന്നീട് ബി.ജെ.പിയിലും പ്രവർത്തിച്ചു. അവരുടെ സഹോദരൻ മാധവറാവു സിന്ധ്യ കോൺഗ്രസ് നേതാവായിരുന്നു.
അഞ്ച് തവണ എം.എൽ.എയായ നർപത് സിങ് രാജ്‍വിയെയും ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇപ്പോഴത്തെ പട്ടികയിൽ രാജ്‍വിയുമുണ്ട്. ഭൈറോൺസിങ് ശെഖാവത്തിന്റെ മരുമകനാണ് നർപത് സിങ് രാജ്‍വി. ആദ്യ ഘട്ടത്തിൽ ഇദ്ദേഹത്തെ ഒഴിവാക്കിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. രാജസ്ഥാനിലെ 200 നിയമസഭ സീറ്റിലേക്ക് നവംബർ 25നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 100ഉം ബി.ജെ.പിക്ക് 73ഉം സീറ്റുകളുമാണ് ലഭിച്ചത്. ആറ് സീറ്റ് നേടിയ ബഹുജൻ സമാജ് പാർട്ടിയും കോൺഗ്രസിനെ പിന്തുണച്ചു.