റായ്ഗഡ്: സ്വത്ത് തർക്കത്തിന്‍റെ പേരിൽ സഹോദരിമാർക്ക് എലിവിഷം നൽകി കൊന്ന യുവാവ് പിടിയിൽ. മഹാരാഷ്ട്ര റായ്ഗഡ് സ്വദേശി ഗണേശ് മോഹിതാണ് അറസ്റ്റിലായത്. സഹോദരിമാരായ സൊനാലി ശങ്കറും സ്നേഹ ശങ്കറും കൊല്ലപ്പെട്ടത് ഈ മാസം 16, 20 തീയതികളിലായിരുന്നു. സഹോദരന്‍ തയ്യാറാക്കി നല്‍കിയ സൂപ്പ് കഴിച്ചതിന് പിന്നാലെ നാല് ദിവസങ്ങളുടെ വ്യത്യാസത്തിലാണ് മരിച്ചത്.
അലിബാഗിലെ ആശുപത്രിയില്‍ വച്ച് ഒക്ടോബര്‍ 16ാം തിയതിയാണ് 34കാരിയായ സൊണാലി ശങ്കര്‍ മൊഹിതേ മരിക്കുന്നത്. വിഷബാധയുടെ ലക്ഷണങ്ങളുമായി ചികിത്സയിലിരിക്കെയായിരുന്നു ഇത്. മരണത്തിന് പിന്നാലെ സൊണാലിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് സഹോദരനായിരുന്നു. സൊണാലിയുടെ മരണത്തിന് പിറ്റേ ദിവസമാണ് മുപ്പതുകാരിയായ രണ്ടാമത്തെ സഹോദരി സ്നേഹ ശങ്കര്‍ മൊഹിതേ ഇതേ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കടുത്ത വയറുവേദനയുമായി എത്തിയ യുവതിയുടെ അവസ്ഥ വഷളായതോടെ പനവേലിലുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതിയും മരിക്കുകയായിരുന്നു.
മരണത്തിന് മുന്‍പ് സ്നേഹ പൊലീസിന് നല്‍കിയ മൊഴിയാണ് കേസില്‍ പൊലീസിനെ സഹായിച്ചത്. ഒക്ടോബര്‍ 15ന് സഹോദരന്‍ സൂപ്പ് ഉണ്ടാക്കി നല്‍കിയിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് വെള്ളം മാത്രമാണ് നല്‍കിയതെന്നുമാണ് സ്നേഹ പൊലീസിനോട് വിശദമാക്കിയത്. വീടിന് പുറത്ത് വച്ച ഗ്ലാസിലായിരുന്നു സൂപ്പ് നല്‍കിയത്. ഇതില്‍ ബന്ധുക്കള്‍ എന്തെങ്കിലും വിഷം കലര്‍ത്തിയോ എന്ന് സംശയമുണ്ടെന്നും സ്നേഹ വിശദമാക്കിയിരുന്നു. ഇതോടെയാണ് പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഫോറസ്റ്റ് വകുപ്പ് ജീവനക്കാരനായ പിതാവ് സര്‍വ്വീസിലിരിക്കെ മരിച്ചതിന് പിന്നാലെ ഗണേഷിന്റെ മാതാവ് പെണ്‍കുട്ടികള്‍ക്ക് ആശ്രിത നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതില്‍ ഗണേഷ് അതൃപ്തനായിരുന്നു. ഇതിനേ ചൊല്ലി ഗണേഷും സഹോദരിമാരും തമ്മില്‍ കലഹവും പതിവായിരുന്നു. അമ്മയുടേയും സഹോദരിമാരുടേയും ഒപ്പിച്ച് ബാങ്കില്‍ നിന്ന് യുവാവ് പണമെടുക്കുന്നതും പതിവായിരുന്നു. അമ്മയേയും സഹോദരിമാരേയും തെറ്റിധരിപ്പിച്ച് വീടും സ്ഥലവും പിതാവിന്‍റെ പേരില്‍ നിന്ന് യുവാവിന്‍റെ പേരിലേക്കും മാറ്റി എഴുതിയിരുന്നു. ഇതിന് പിന്നാലെ പൊലീസിനും ഫോറസ്റ്റ് വകുപ്പിനും സഹോദരിമാരും അമ്മയും പരാതി നല്‍കിയിരുന്നു. ഇതോടെ സ്വത്തില്‍ തുല്യ വിഹിതം തരാമെന്നും ആശ്രിത നിയമനത്തിനായി എന്‍ഒസി നല്‍കണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നു. യുവാവിനെ വിശ്വസിച്ച് സഹോദരിമാരും അമ്മയും നല്‍കിയ എന്‍ഒസിയുടെ ബലത്തില്‍ യുവാവ് 2021ല്‍ സര്‍ക്കാര്‍ ജോലിയില്‍ കയറുകയും ചെയ്തു.
എന്നാല്‍ സ്വത്ത് വിഭജിക്കുന്ന കാര്യത്തില്‍ സഹോദരിമാര്‍ വാക്കുപാലിക്കാത്തത് നിരന്തരം ചോദ്യം ചെയ്തതോടെയാണ് യുവാവ് സഹോദരിമാരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനായി മണവും നിറവുമില്ലാത്ത വിഷമേതാണെന്ന് യുവാവ് ഓണ്‍ലൈനില്‍ തെരഞ്ഞതായും പൊലീസ് കണ്ടെത്തി. എത്ര അളവ് കൊടുക്കണമെന്നും വിഷം ബാധിക്കാന്‍ എത്ര സമയം വേണമെന്നതടക്കമുള്ള വിവരങ്ങള്‍ യുവാവ് തെരഞ്ഞതായും പൊലീസ് കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ ഇയാളുടെ കാറിന്റെ ഡിക്കിയില്‍ നിന്നാണ് എലിവിഷത്തിന്റെ ബോട്ടില്‍ കണ്ടെത്തിയത്.