കൽപറ്റ: വയനാട്ടിൽ നേതാക്കൾ തമ്മിൽതല്ല് നിർത്തണമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കല്‍പറ്റയില്‍ നടന്ന കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഇത് എന്റെ അപേക്ഷയാണ്. കൈകൂപ്പി അപേക്ഷിക്കുന്നു’ -ഡി.സി.സി പ്രസിഡൻറ്, എം.എൽ.എമാർ തുടങ്ങിയ മുതിർന്ന നേതാക്കളെ വേദിയിലിരുത്തി സുധാകരൻ അഭ്യർഥിച്ചു.
വയനാട്ടിൽ കോൺഗ്രസിനെ തകർക്കുന്നത് പാർട്ടിക്കുള്ളിലെ ഐക്യമില്ലായ്മയാണ്. ഇതിനാണ് പരിഹാരം ഉണ്ടാകേണ്ടത്. വ്യക്തി താൽപര്യങ്ങളാണോ സംഘടന താൽപര്യങ്ങളാണോ വലുതെന്ന് സുധാകരൻ പ്രവർത്തകരോട് ചോദിച്ചു. വരുന്ന തെരഞ്ഞെടുപ്പുകൾ കോൺഗ്രസ് എവിടെ നിൽക്കുന്നു എന്ന് സ്വയം കണ്ടെത്താനുള്ള അവസരമാണ്. നേതാക്കൾ ചിന്തിക്കണം. എന്തിനാണീ പാർട്ടിയിൽ നിൽക്കുന്നതെന്ന്. തന്റെ വ്യക്തി താൽപര്യങ്ങളാണോ രാജ്യ താൽപര്യമാണോ തന്നെ നയിക്കുന്നതെന്ന് നെഞ്ചത്ത് കൈവെച്ച് ചിന്തിക്കണമെന്നും സുധാകരൻ പറഞ്ഞു.
രാഹുൽജി 4,000 കിലോമീറ്റർ യാത്ര നടത്തിയത് രാജ്യത്ത് സ്നേഹത്തിന്‍റെ കട തുറക്കാനായിരുന്നു. കോൺഗ്രസിനോ തനിക്കോ വോട്ട് ചോദിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.ഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ചനും സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണനും തമ്മിൽ ഗ്രൂപ്പുവഴക്കിനിടെ മോശം ഭാഷയിൽ അസഭ്യം പറയുന്ന ടെലിഫോൺ സംഭാഷണം അടുത്തിടെ വൈറലായിരുന്നു.