യുനൈറ്റഡ് നേഷൻസ്: ‘ഈ ബോംബുകൾ നിർത്തി ജീവൻ രക്ഷിക്കൂ’ എന്ന് യു.എൻ പൊതുസഭക്കു മുമ്പാകെ വികാരാധീനനായി ഫലസ്തീൻ അംബാസഡർ. എന്നാൽ, ‘ഹമാസിനെ തുടച്ചുനീക്കുംവരെ ഞങ്ങൾ വിശ്രമിക്കില്ലെ’ന്ന് ആണയിട്ട് ഇസ്രായേൽ പ്രതിനിധി. ഇസ്രായേൽ വംശഹത്യയിൽ മരണം കുമിയുന്ന ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള ചർച്ചകൾക്കിടെയായിരുന്നു ഇരു നേതാക്കളുടെയും പ്രതികരണം.
ഗസ്സയിൽ ഇസ്രായേൽ ബോംബിങ്ങിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് ഫലസ്തീൻ അംബാസഡർ റിയാദ് മൻസൂർ പറഞ്ഞു. ‘ഇതാണോ നിങ്ങളിൽ ചിലർ ന്യായമെന്നുപറഞ്ഞ് കൂട്ടുനിൽക്കുന്ന യുദ്ധം? ഈ യുദ്ധത്തിനൊപ്പം നിൽക്കാനാകുമോ? ഇത് കാടത്തമാണ്. ഈ ദിവസങ്ങൾക്കിടെ കൊല്ലപ്പെട്ടവർക്കായി നിങ്ങൾ ഇവിടെ അവസാനിപ്പിക്കുന്നില്ലെങ്കിൽ ഇനിയും മരിക്കാനിരിക്കുന്നവർക്കുവേണ്ടിയെങ്കിലും അത് നിർത്തണം’’ -അദ്ദേഹം തുടർന്നു. ജന്മദിനമാഘോഷിക്കാനിരിക്കെ കൊല്ലപ്പെട്ട പെൺകുഞ്ഞിന്റെയും മരിച്ചുകിടക്കുന്ന മാതാവിനെ ചേർത്തുപിടിച്ച് തിരിച്ചുവരൂ, നമുക്ക് എവിടെയും പോകാമെന്ന് വിലപിക്കുന്ന യുവാവിന്റെയും സംഭവങ്ങൾ പറഞ്ഞ റിയാദ് മൻസൂർ വിങ്ങിപ്പൊട്ടി.
22 അറബ് രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് സംസാരിച്ച ജോർഡൻ വിദേശകാര്യ മന്ത്രി ഐമൻ സഫാദി മരണത്തോട് മല്ലിട്ട് കുഞ്ഞുങ്ങൾ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വേദന പങ്കുവെച്ചു. പുറത്തുള്ള മാതാക്കൾക്ക് സ്വന്തം മക്കളുടെ ശബ്ദം കേൾക്കാനാകുന്നുണ്ട്. എന്നാൽ, പുറത്തെടുക്കാൻ സംവിധാനമില്ലാത്തതിനാൽ അവർ ഇഞ്ചിഞ്ചായി മരണം പുൽകുന്നത് നോക്കിനിൽക്കേണ്ട വേദനയിലാണ്’’ -സഫാദി പറഞ്ഞു. ഇത് മുസ്ലിംകളും ജൂതരും തമ്മിലെ യുദ്ധമായി മാറ്റരുതെന്നും ജീവൻ ആരുടെതായാലും വിലപ്പെട്ടതാണെന്നുമുള്ള സഫാദിയുടെ വാക്കുകൾ പൊതുസഭ കൈയടികളോടെ വരവേറ്റു. ഗസ്സയിലെ വംശഹത്യ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇറാൻ അംബാസഡർ അമീർ അബ്ദുല്ലാഹിയാൻ പറഞ്ഞു.
എന്നാൽ, വെടിനിർത്തൽ ഹമാസിനെ വീണ്ടും ആയുധമണിയിക്കുമെന്നും ഞങ്ങളെ അവർ വീണ്ടും കൂട്ടക്കുരുതി നടത്തുമെന്നുമായിരുന്നു ഇസ്രായേൽ അംബാസഡർ ജിലാദ് എർദാന്റെ വാക്കുകൾ.