ന്യൂഡൽഹി: രാജ്യത്ത് ഉള്ളിവില രണ്ടാഴ്‌ചയ്ക്കുള്ളിൽ 60 ശതമാനം ഉയർന്നു. ഡൽഹിയിൽ ചില്ലറ വിപണിയിൽ കിലോയ്‌ക്ക് 70 രൂപ കടന്നു. കേരളത്തിൽ 80 ലെത്തി. വില വൻതോതിൽ ഉയർന്നതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റി. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വില കുതിച്ചത് കേന്ദ്ര സർക്കാരിനെയും ബിജെപിയേയും അങ്കലാപ്പിലാക്കി.
പുതിയ ഖാരിഫ് വിളകൾ മാർക്കറ്റിലെത്തുംവരെ വില കുറയാൻ സാധ്യതയില്ലാത്തതിനാൽ ഡിസംബർ പകുതിയായാൽ മാത്രമേ വില കുറയൂ. വില കൂടുമെന്ന് കണ്ടതിനെ തുടർന്ന് ഉള്ളി കയറ്റുമതിക്ക് കേന്ദ്രം നേരത്തെ 40 ശതമാനം തീരുവ ചുമത്തിയെങ്കിലും വില പിടിച്ചുനിർത്താനായില്ല. കരുതൽശേഖരം വിപണിയിലിറക്കി വിലനിയന്ത്രിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.
മഴ കുറവായതിനാൽ പല മേഖലകളിലും ഉൽപ്പാദനം പകുതിയിലധികം കുറഞ്ഞതാണ് വിലക്കയറ്റത്തിനുള്ള കാരണമായി പറയുന്നത്. നേരത്തെ തക്കാളി വില കുതിച്ചുയർന്നത് ജനങ്ങളെ ഏറെ വലച്ചിരുന്നു.