തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിച്ച സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചത് കേരള ബാങ്കിന്റെ മുന്നേറ്റത്തിന് കൂടുതൽ കരുത്താകും. മലപ്പുറം ജില്ലയിലെ സഹകാരികളെ വിശ്വാസത്തിലെടുക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുന്നോട്ടുപോയ യുഡിഎഫ് നേതൃത്വത്തിനുള്ള തിരിച്ചടികൂടിയാണ് കോടതിവിധി.
കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന ജനങ്ങളുടെ ചിരകാല സ്വപ്‌നമാണ് കേരള ബാങ്ക് രൂപീകരണത്തിലൂടെ സാധ്യമായത്. എന്നാൽ, 13 ജില്ലാ ബാങ്കും കേരള ബാങ്കിൽ ലയിച്ചപ്പോൾ രാഷ്ട്രീയ കാരണങ്ങളാൽമാത്രം മലപ്പുറം ഒഴിഞ്ഞുനിന്നു. അതേസമയം, മലപ്പുറം ബാങ്കിനെ ലയിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോയി. എന്നാൽ, സർക്കാർ പാസാക്കിയ നിയമഭേദഗതിയെ ചോദ്യംചെയ്‌ത് മലപ്പുറം ജില്ലാ ബാങ്ക് പ്രസിഡന്റ് അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജി കോടതി തള്ളിയതോടെ ജനുവരിയിൽ ലയനം സാധ്യമായി. തുടർന്ന്, സ്‌പെഷ്യൽ ഓഫീസർ ചുമതലയേറ്റെടുത്തു. ഇതിനെ ചോദ്യംചെയ്‌ത ഹർജികളാണ് ഇപ്പോൾ ഹൈക്കോടതി തള്ളിയത്.
എസ്‌ബിടികൂടി ഇല്ലാതായതോടെയാണ് കേരളത്തിന് സ്വന്തം ബാങ്ക് എന്ന ആവശ്യത്തിന് ശക്തിപകർന്നത്. മറ്റു പൊതുമേഖലാ, വാണിജ്യ ബാങ്കുകളോട് കിടപിടിക്കുന്ന നിലയിൽ വളരുകയാണ് ഇന്ന് കേരള ബാങ്ക്. അയ്യായിരത്തിലേറെ ബിസിനസ് കേന്ദ്രങ്ങളുള്ള കേരള ബാങ്കിന്റെ ആകെ ബിസിനസ് 1,21,204 കോടി രൂപയാണ് (2023 മാർച്ച് 31). 74,152 കോടിയുടെ നിക്ഷേപവും 47,052 കോടി വായ്‌പയും ഉണ്ട്. കേരള ബാങ്ക് രൂപീകരണ ശേഷം തുടർച്ചയായി മൂന്നാം വർഷവും ലാഭം നേടി. രൂപീകരണ വേളയിൽ ഒമ്പതു ജില്ലാ ബാങ്കുകൾ നഷ്ടത്തിലായിരുന്നു. തിരുവനന്തപുരം ജില്ലാ ബാങ്ക് അടച്ചുപൂട്ടൽ ഭീഷണിയിലും. ഈ നിലയിൽനിന്നാണ് കേരള ബാങ്കിന്റെ മുന്നേറ്റം.