കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാല് വർഷം മുമ്പ് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ പുതിയതാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകൻ ലാൽ. സംഭവത്തിന് പിന്നിൽ ദിലീപ് ആകാൻ സാധ്യതയില്ലെന്നാണ് തന്റെ വിശ്വാസമെന്ന് ലാൽ പറയുന്നതാണ് ഇപ്പോൾ പുതിയ സംഭവമാണെന്ന രീതിയിൽ വീണ്ടും പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ലാൽ രംഗത്തുവന്നു.
ആരാണ് കുറ്റക്കാരൻ, ആരാണ് നിരപരാധിയെന്നൊക്കെ വേർതിരിച്ചെടുക്കാൻ ഇവിടെ പോലീസുണ്ട് , നിയമമുണ്ട് , കോടതിയുണ്ട് , അവരുടെ ജോലി അവർ ചെയ്യട്ടെയെന്ന് ലാൽ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്. പക്ഷെ അതൊന്നും മറ്റുള്ളവരിൽ കെട്ടിയേൽപ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതിനാൽ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാൻ വരികയില്ലെന്നും ലാൽ കുറിച്ചു.