കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പോകാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ സുരക്ഷ തുടങ്ങിയ പ്രശ്നങ്ങൾ വിലയിരുത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇന്ന് അടിയന്തര യോഗം ചേർന്നു.
ഹോമിൽ സുരക്ഷ ഇല്ലെന്നും മാനസിക സമ്മർദ്ദമുണ്ടെന്നും ആറു പെൺകുട്ടികൾ മൊഴി നൽകിയിരുന്നു. ചിൽഡ്രൻസ് ഹോമിൽ സുരക്ഷ ഇല്ലെന്നും മകളെ വീട്ടിലേക്ക് കൊണ്ടു പോകാൻ അനുവദിക്കണമെന്നും കാണിച്ച് ഒരു പെൺകുട്ടിയുടെ അമ്മ കലക്ടർക്ക് പകത്ത് നൽകിയിരുന്നു. കത്ത് കലക്ടർ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. ഈ കാര്യങ്ങളെല്ലാം ചർച്ച ചെയ്യാനാണ് അടിയന്തര യോഗം ചേരുന്നത്.
കുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളിൽ ഒരാൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് അന്വേഷണ റിപ്പോർട്ട്.
ഈ അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും. പ്രതികളുടെ ചുമതലയുള്ള രണ്ടു പോലിസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് നാളെ അപേക്ഷ നൽകും.
പ്രതികളായ രണ്ട് യുവാക്കളെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുകയാണ്. ചേവായൂർ സ്റ്റേഷനിൽ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഫെബിൻ റാഫിക്കെതിരെ കസ്റ്റഡിയിലിരിക്കെ ചാടിപ്പോയതിനും കേസെടുത്തിട്ടുണ്ട്.