ഇന്ത്യന്‍ സിനിമാ വ്യവസായം വളര്‍ച്ചയുടെ പാതയിലാണ് ഇന്ന്. ഒരു കാലത്ത് ബോളിവുഡ് സിനിമകളുടെ ബോക്സ് ഓഫീസ് സംഖ്യകള്‍ക്കൊപ്പം നില്‍ക്കാന്‍ തെന്നിന്ത്യന്‍ സിനിമകള്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ബാഹുബലിയിലൂടെ തെലുങ്ക് സിനിമയും കെജിഎഫിലൂടെ കന്നഡ സിനിമയും പാന്‍ ഇന്ത്യന്‍ നിലയിലേക്ക് ഉയര്‍ന്നു. തങ്ങളുടെ സൂപ്പര്‍താര ചിത്രങ്ങളിലൂടെ തമിഴ് സിനിമയും കളക്ഷനില്‍ വലിയ മുന്നേറ്റമാണ് സ്ഥിരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒടിടി വലിയ മുന്നേറ്റം സൃഷ്ടിച്ച കൊവിഡ് കാലത്തിന് ശേഷം ഇതരഭാഷാ ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ എവിടെയും പ്രേക്ഷകര്‍ കൂടിയിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയില്‍ ഒക്ടോബറില്‍ റിലീസ് ചെയ്ത സിനിമകള്‍ ചേര്‍ന്ന് നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അവരുടെ കണക്കനുസരിച്ച് ഇന്ത്യന്‍ സിനിമയുടെ ഒക്ടോബര്‍ മാസത്തെ ആകെ ഗ്രോസ് 812 കോടിയാണ്. അതില്‍ 50 ശതമാനത്തോളം നേടിയത് ഒരൊറ്റ ചിത്രമാണ് എന്നതാണ് കൗതുകം. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് നായകനായ ലിയോ ആണ് അത്.
ഓര്‍മാക്സിന്‍റെ കണക്കനുസരിച്ച് ഒക്ടോബറില്‍ ലിയോ നേടിയ ഇന്ത്യന്‍ കളക്ഷന്‍ 405 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള നന്ദമുറി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരി നേടിയത് 104 കോടിയാണ്. ബോളിവുഡ് ചിത്രം 12 ത്ത് ഫെയില്‍ ആണ് മൂന്നാം സ്ഥാനത്ത്. ഒക്ടോബറിലെ ഇന്ത്യന്‍ കളക്ഷന്‍ 48 കോടി. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ് കളക്ഷനും ലിയോയുടെ പേരില്‍ ആയിരുന്നു. നിര്‍മ്മാതാക്കള്‍ നല്‍കിയ വിവരമനുസരിച്ച് റിലീസ് ദിനത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 148.5 കോടി ആയിരുന്നു. ഷാരൂഖ് ഖാന്‍റെ ഈ വര്‍ഷത്തെ റിലീസുകളായ പഠാന്‍, ജവാന്‍ എന്നിവയേക്കാള്‍ വലിയ ഓപണിംഗ് ആണ് ഇത്.