പലപ്പോഴും അനാരോഗ്യകരമായ ജീവിതശൈലി ആണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചീത്ത കൊളസ്ട്രോള്‍, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയൊക്കെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഈ മഞ്ഞുകാലത്ത് ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ രാവിലെ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ഒന്ന്…
- രാവിലെ തന്നെ വെള്ളം കുടിക്കുക. മഞ്ഞുകാലത്ത് പലരും വെള്ളം കുടിക്കാന്‍ മടി കാണിക്കാറുണ്ട്. എന്നാല്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് ഏറെ പ്രധാനമാണ്. അത് ഹൃദയത്തിന്‍റെയും മൊത്തം ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
- രണ്ട്…
- രാവിലെ തന്നെ വ്യായാമം ചെയ്യുക. ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വ്യായാമം നിര്‍ബന്ധമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ എന്തും ആകാം.
- മൂന്ന്…
- ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. രാവിലെ വിറ്റാമിനുകളും നാരുകളും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇതിനായി പഴങ്ങളും പച്ചക്കറികളുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- നാല്…
- ശൈത്യകാലത്ത് സൂര്യപ്രകാശം ഏൽക്കുന്നത് കുറയുന്നതിനാൽ വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ രാവിലെ കുറച്ച് വെയില്‍ ഏല്‍ക്കുന്നത് നല്ലതാണ്. കൂടാതെ, വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും വിറ്റാമിൻ ഡി സപ്ലിമെന്റുകൾ പരിഗണിക്കുന്നതും നല്ലതാണ്. അവ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
- അഞ്ച്…
- അനാവശ്യമായ ടെന്‍ഷനും സമ്മര്‍ദങ്ങളും നിയന്ത്രിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. സ്ട്രെസ് കുറയ്ക്കാന്‍ രാവിലെ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം.