തെൽ അവീവ്: 60 നാളായി ഗസ്സയിൽ ഹമാസിന്റെ അജ്ഞാത കേന്ദ്രങ്ങളിൽ തടങ്കലിൽ കഴിയുന്ന ബന്ദികളെ മോചിപ്പിക്കാനോ കണ്ടെത്താനോ കഴിയാത്തത് ഇസ്രയേൽ ഭരണകൂടത്തിന് കനത്ത സമ്മർദമാകുന്നു. ബന്ദികളുടെ ബന്ധുക്കളും ഇതിനകം ഹമാസ് വിട്ടയച്ച ബന്ദികളും നെതന്യാഹു സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നത് സ്ഥിഗതികൾ വഷളാക്കിയിട്ടുണ്ട്.
അതിനിടെ, ബന്ദികളുടെ മോചനത്തിനാണ് തങ്ങൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്ന വിശദീകരണവുമായി ഇസ്രായേൽ സൈനിക മേധാവി ഹെർസി ഹലേവി രംഗത്തെത്തി. ‘ബന്ദികളെ വീണ്ടെടുക്കുക എന്നതാണ് സൈന്യത്തിന്റെ ഏറ്റവും വലിയ മുൻഗണന. യുദ്ധത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് നാം പ്രവേശിച്ചു. വടക്കൻ ഗസ്സയിലെ ഹമാസ് ശക്തികേന്ദ്രങ്ങൾ തകർത്തു. ഇനി തെക്കൻ ഗസ്സയാണ് ലക്ഷ്യം. നമ്മൾ പ്രഫഷനലായാണ് മുന്നേറുന്നത്. ജനങ്ങളെ കുടിയൊഴിപ്പിച്ചാണ് ആക്രമണം. ആകാശത്തുനിന്നും ഭൂമിയിൽനിന്നും ഹമാസിനെ ആക്രമിക്കുന്നുണ്ട്, കരയിൽ നിന്നും കടലിൽ നിന്നും വായുവിൽനിന്നും. ഞങ്ങൾ ഗസ്സയെ നശിപ്പിക്കുന്നതിനെ കുറിച്ചാണ് ചിലരുടെ ചോദ്യം. ലക്ഷ്യം ഹമാസാണ്, ലക്ഷ്യം യഹ്‍യ സിൻവാറാണ്. എല്ലാ കെട്ടിടങ്ങളിലും ഞങ്ങളുടെ സൈനികർ ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഹമാസുകാർ സിവിൽ വേഷമണിഞ്ഞാണ് കഴിയുന്നത്. ആയുധങ്ങൾ വീട്ടിലാണ് സൂക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുള്ള നീക്കങ്ങളിൽ ഹമാസിന് കൂടുതൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ യുദ്ധത്തിന്റെ ആത്യന്തിക ലക്ഷ്യവും ഏറ്റവും വലിയ മുൻഗണനയും ബന്ദികളെ തിരിച്ചുപിടിക്കലാണ്. ഈ ലക്ഷ്യം നിറവേറ്റാൻ ഓരോ സൈനികനും പ്രതിജ്ഞാബദ്ധനാണ്’ -ഇസ്രായേൽ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് ഹെർസി ഹലേവി പറഞ്ഞു.
എന്നാൽ, പോരാട്ടം രണ്ടുമാസം പിന്നിട്ടിട്ടും ഹമാസിന്റെ ശക്തിക്ക് കാര്യമായി പോറലേൽപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ ഇസ്രായേൽ അധിനിവേശ സേനക്കുനേരെ നടന്ന ഹമാസ് പ്രത്യാക്രമണം. 24 മണിക്കൂറിനിടെ തങ്ങളുടെ അഞ്ച് സൈനികർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ തന്നെ സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച 24 സൈനിക വാഹനങ്ങൾ പൂർണമായും തകർത്തതായി ഹമാസും അറിയിച്ചു.
Our top priority is returning all the hostages home.
Watch the IDF Chief of the General Staff LTG Herzi Halevi in his statement: pic.twitter.com/iS9T0p02ip
— Israel Defense Forces (@IDF) December 6, 2023
ഇതിനുപുറമേയാണ് ബന്ദികളുടെ കുടുംബക്കാരുമായി ഇന്നലെ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വാർ കാബിനറ്റ് നടത്തിയ ചർച്ചയിലേറ്റ തിരിച്ചടി. ബന്ദിമോചനത്തിൽ നെതന്യാഹു സർക്കാർ പ്രഹസനമാണ് നടത്തുന്നതെന്നായിരുന്നു ബന്ദികളിൽ ഒരാളായ ഒമ്രിയുടെ പിതാവ് ഡാനി മിറാൻ ആരോപിച്ചത്. ഇതുവരെ ബന്ദികളെ വിട്ടയച്ചത് ഹമാസിന്റെ ഗസ്സയിലെ നേതാവ് യഹ്‌യ സിൻവാറാണെന്നും അല്ലാതെ ഇസ്രായേൽ സർക്കാറിന്റെ ഇടപെടൽ കൊണ്ടല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇന്നലത്തെ കൂടിക്കാഴ്ച വൃത്തികെട്ടതും അപമാനകരവും കുഴപ്പം പിടിച്ചതും ആണെന്നായിരുന്നു ഡാനി മിറാന്റെ വിലയിരുത്തൽ. ‘ഞങ്ങൾ ഇത് ചെയ്തു, ഞങ്ങൾ അത് ചെയ്തു എന്നാണ് അവർ (പ്രധാനമന്ത്രിയും മന്ത്രിമാരും) പറയുന്നത്. എന്നാൽ, അവർ ഒന്നും ചെയ്തിട്ടില്ല. തങ്ങളാണ് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതെന്ന അവരുടെ അവകാശവാദം കേട്ടപ്പോൾ എനിക്ക് രോഷം വന്നു. ഒന്നും അവരുടെ നിയന്ത്രണത്തിലല്ല’ -ഡാനി മിറാൻ പറഞ്ഞു.
ബന്ദിമോചനം എന്ന് സാധ്യമാകും എന്ന കാര്യത്തിൽ പ്രധാനമന്ത്രിയിൽനിന്നും മന്ത്രിമാരിൽനിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കളിൽ ചിലരും ഹമാസ് വിട്ടയച്ച ബന്ദികളും കൂടിക്കാഴ്ചക്കിടെ ഇറങ്ങിപ്പോയിരുന്നു. ബന്ദികളെ സൂക്ഷിച്ച സ്ഥലങ്ങളിൽ വരെ ഇസ്രായേൽ വ്യോമാക്രമണം നടക്കുന്നതായും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.