പത്തനംതിട്ട : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി ബസുകൾ പമ്പയിൽ പിടിച്ചിട്ടതോടെ, തീർത്ഥാടകർ പ്രതിസന്ധിയിൽ. തിരക്ക് നിയന്ത്രിക്കാനായി പൊലീസ് വഴിയിലും ബസുകൾ തടഞ്ഞിട്ടിരിക്കുകയാണ്. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിനെയും നിയന്ത്രണം ബാധിക്കുന്നതായാണ് വിവരം. 140 ബസുകളാണ് ചെയിൻ സർവീസിനുള്ളത്. ഇതും നിലയ്ക്കലിൽ പൊലീസ് പിടിച്ചിട്ടിരിക്കുകയാണ്. 10 മിനിറ്റിൽ ഒരു ബസ് എന്ന രീതിയിൽ നിലയ്ക്കൽ നിന്നും പമ്പയ്ക്കു വിടാനാണ് നിലവിലെ തീരുമാനം.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണമെന്നാണ് പൊലീസ് വിശദീകരണം. ഇത് മൂലം നിലയ്ക്കലിലും പമ്പയിലും തീർത്ഥാടകർ മണിക്കൂറുകളോളം ബസ് കാത്തു നിൽക്കണം.200 ഓളം ബസുകളാണ് ശബരിമല പാതയിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നത്. എന്നാൽ നിലക്കൽ -പമ്പ സർവീസ് കൃത്യമായി നടത്താൻ പറ്റുന്നില്ലെന്നാണ് കെഎസ്ആർടിസി അധികൃതരും വിശദീകരിക്കുന്നത്.