കൊട്ടാരക്കര> ഗവർണർ കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതരപ്രശ്‌നം ഉത്തരവാദിത്തപ്പെട്ടവരോട് സംസ്ഥാന സർക്കാർ ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഗവർണർ എങ്ങനെ പെരുമാറണം എന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അതെല്ലാം ലംഘിച്ചാണ് ആരിഫ് മൊഹമ്മദ്‌ഖാൻ ഇടപെടുന്നത്. ഇക്കാര്യം പരിശോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് രേഖാമൂലം ഉന്നയിക്കേണ്ട സമയമായി. പ്രധാനമന്ത്രിയും രാഷ്‌ട്രപതിയുമുണ്ടല്ലോ. ആർക്കൊക്കെ കത്തയക്കണമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എന്തും വിളിച്ചുപറയാവുന്ന മാനസികാവസ്ഥയിൽ ഗവർണർ എത്തിയിരിക്കുകയാണ്. വ്യക്തിപരമായി മാത്രമല്ല, നാടിനെത്തന്നെ ആക്ഷേപിക്കുന്നു. കേന്ദ്രത്തിന്റെ ചില വക്താക്കൾ ഗവർണറെ ന്യായീകരിക്കാൻ രംഗത്തുണ്ട്. അത്തരക്കാരുമായി ആലോചിച്ചാണ് ഗവർണർ നീങ്ങുന്നതെന്നാണ് മനസ്സിലാക്കേണ്ടത്. കേന്ദ്ര– സംസ്ഥാന ബന്ധം കൂടുതൽ വഷളാവുകയല്ല ലക്ഷ്യമെങ്കിൽ ഇത്തരം കാര്യങ്ങൾ തിരുത്താൻ തയ്യാറാകണം. കേന്ദ്രസർക്കാർ തന്നെ ഇക്കാര്യങ്ങൾ പരിശോധിക്കണം.
അസാധാരണ നടപടികളാണ് ഗവർണർ സ്വീകരിക്കുന്നത്. ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നവർ പ്രതിഷേധക്കാർക്കുനേരെ പാഞ്ഞടുക്കുന്ന രീതി രാജ്യചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഏതെല്ലാം കഠിനപദങ്ങളാണ് കുട്ടികളെ വിളിച്ചുപറയുന്നത്. ഇതാണോ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി ചെയ്യേണ്ടത്. തെറ്റായരീതി കണ്ടാൽ സുരക്ഷാ ഉദ്യോഗസ്ഥർ അത് നോക്കിക്കോളും. വിയോജിപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാൻ ഉചിതമായ രീതികളുമുണ്ട്. ഗവർണർ വ്യക്തിപരമായി ഇടപെടേണ്ട കാര്യമില്ല.
കേരളത്തിന്റെ ശാന്തമായ അന്തരീക്ഷം കലുഷിതമാക്കാനാണ് ഗവർണർ ആഗ്രഹിക്കുന്നത്. അതുകൊണ്ടാകാം ബോധപൂർവം പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്. നാട്ടിലാകെ എന്തോ സംഭവിച്ചിരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് അദ്ദേഹം തന്നെ മുൻകൈയെടുക്കുകയാണ്. തനിക്ക് സ്ഥാനമാനങ്ങൾ വേണമെന്ന് തീരുമാനിച്ച് അദ്ദേഹം തെറ്റായ കാര്യങ്ങൾ ചൊയ്‌താൽ കൂടുതൽ മോശമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടുക. സാധാരണ നിലവിട്ടു പെരുമാറുന്ന ഇതുപോലൊരു വ്യക്തിയെ ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.