കോഴിക്കോട്: കോവിഡ് കാലത്ത് വിശന്ന് തളർന്നിരിക്കുന്ന വയറുകൾക്ക് ഭക്ഷണവുമായി തൊഴിലാളികൾ. കോവിഡ് മൂന്നാം തരംഗം ശക്തമായതോടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ടവരെ പട്ടിണിയിൽനിന്ന് രക്ഷിക്കുന്നതിന് സിഐടിയു നേതൃത്വത്തിലാണ് മാതൃകാപ്രവർത്തനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിഐടിയു സൗജന്യമായി ഭക്ഷണക്കൂപ്പൺ വിതരണംചെയ്യും. ചൊവ്വ മുതൽ കൂപ്പൺ വിതരണം ആരംഭിക്കും.
സിഐടിയുവിൽ ഉൾപ്പെട്ട പന്ത്രണ്ടോളം സംഘടനകളുടെ മുൻകൈയിലാണ് വിശക്കുന്നവർക്ക് സാന്ത്വനമേകുക. കെസിഇയു, കെഎസ്‌ഇബിഡബ്ല്യുഎ, കെഎസ്‌ആർടിഇഎ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ, കെഎംഎസ്‌ആർഎ, കേരള സംസ്ഥാന വിദേശമദ്യ വ്യവസായ തൊഴിലാളിയൂണിയൻ, കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ സ്‌റ്റാഫ് അസോസിയേഷൻ, കോഴിക്കോട് –-കൊയിലാണ്ടി താലൂക്ക് ചെത്ത്തൊഴിലാളി യൂണിയനുകൾ, കോഴിക്കോട് മുൻസിപ്പൽ ആൻഡ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ, കേരളാ സോപ്സ് എംപ്ലോയീസ് യൂണിയൻ, കൺസ്യൂമർഫെഡ് വർക്കേഴ്‌സ് അസോസിയേഷൻ തുടങ്ങിയ യൂണിയനുകളുടെ നേതൃത്വത്തിലാകും ഭക്ഷണ വിതരണം. ഭക്ഷണത്തിനുള്ള കൂപ്പൺ വിവിധ കേന്ദ്രങ്ങളിൽ രാവിലെ വിതരണംചെയ്യും. മുപ്പതോളം കേന്ദ്രങ്ങളിൽ തൊഴിലാളികൾ ഈ സേവന സംവിധാനം ഒരുക്കും.
കൊയിലാണ്ടി, ബാലുശേരി, പേരാമ്പ്ര, ഫറോക്ക്, നാദാപുരം ടൗൺ, കുന്നുമ്മൽ, വടകര, കോഴിക്കോട് സൗത്ത്, കക്കോടി, തിരുവമ്പാടി, കോഴിക്കോട് ടൗൺ ബാങ്ക്, മുളളൻകുന്ന് എന്നിവിടങ്ങളിലും നടക്കാവ്, എരഞ്ഞിക്കൽ, കാക്കൂർ, മൂടാടി, നടുവണ്ണൂർ, പേരാമ്പ്ര, കക്കട്ടിൽ, പന്തീരാങ്കാവ്, രാമനാട്ടുകര, ഓർക്കാട്ടേരി എന്നീ കെഎസ്‌ഇബി ഓഫീസുകൾ, വടകര എടോടി ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസ്, കോഴിക്കോട് പാവമണി റോഡ്, കോറണേഷന് സമീപം, വെള്ളയിൽ കേരളാ സോപ്സ്, മലാപ്പറമ്പ്, പുതിയറ, ടാഗോർ ഹാൾ, മുതലക്കുളം ത്രിവേണിക്ക് മുൻവശം എന്നീ കേന്ദ്രങ്ങളിൽനിന്ന് കൂപ്പൺ നൽകും. പകൽ 11 മുതൽ 12 വരെയാകും ഭക്ഷണക്കൂപ്പൺ വിതരണം.