റിയാദ്: വിവിധ കൊലപാതക കേസുകളിൽ പ്രതികളെന്ന് കണ്ടെത്തിയ നാലു പേർക്ക് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഹോദര ഭാര്യയെയും പിഞ്ചു മകളെയും കാർ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരന് മക്കയിൽ ഇന്ന് വധശിക്ഷ നടപ്പാക്കി. സൗദി വനിത ഹംദ ബിൻത് അഹ്മദ് ബിൻ മുഹമ്മദ് അൽഹർബിയെയും നാലു വയസുകാരിയായ മകൾ ജൂദ് ബിൻത് ഹുസൈൻ ബിൻ ദഖീൽ അൽഹർബിയെയും കാർ കയറ്റി കൊലപ്പെടുത്തുകയും ഒരു വയസുകാരിയായ മകളെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നായിഫ് ബിൻ ദഖീൽ ബിൻ അമൂർ അൽഹർബിക്ക് മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.
കവർച്ച ലക്ഷ്യത്തോടെ സുഡാനിയെ ശിരസ്സിന് അടിച്ച് കൊലപ്പെടുത്തിയ രണ്ടു പേർക്ക് കിഴക്കൻ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി. സുഡാനി അബ്ദുൽമന്നാൻ അബ്ദുല്ല നൂറിനെ ഉറങ്ങിക്കിടക്കുന്നതിനിടെ മുട്ടൻവടി ഉപയോഗിച്ച് ശിരസ്സിന് അടിച്ചുകൊലപ്പെടുത്തുകയും കവർച്ചക്ക് ശ്രമിച്ച് തങ്ങളുടെ മറ്റു രണ്ടു കൂട്ടുകാരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ഏതാനും വിദേശ തൊഴിലാളികളുടെ പണം പിടിച്ചുപറിക്കുകയും ഒരു വെയർഹൗസിൽ കവർച്ച നടത്താൻ ശ്രമിക്കുകയും ചെയ്ത സൗദി പൗരൻ അലി ബിൻ ഖാലിദ് ബിൻ നാസിർ അൽഹുവയാൻ അൽബൈശി, സുഡാനി ദുൽകിഫ്ൽ അഹ്മദ് ബഖീത്ത് അൽഹാജ് എന്നിവർക്ക് കിഴക്കൻ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.
കൊലക്കേസ് പ്രതിയായ മറ്റൊരു സൗദി പൗരന് ദക്ഷിണ പ്രവിശ്യയായ അസീറിലും വധശിക്ഷ നടപ്പാക്കി. സൗദി പൗരൻ ഖബ്ലാൻ ബിൻ അബ്ദുല്ല ബിൻ ഖബ്ലാൻ അൽഖഹ്താനിയെ വെടിവെച്ചു കൊലപ്പെടുത്തിയ മുഹമ്മദ് ബിൻ ഹമദ് ബിൻ ശദീദ് അൽഹബാബിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.