പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അതീവ ജാഗ്രതയില്‍. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന്‍റെ പുറത്ത് ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ടീമിന്‍റെ സുരക്ഷ ശക്തമാക്കിയത്. ഹോട്ടലിന്‍റെ പ്രധാന വാതിലിന്‍റെ തൊട്ടരികിലാണ് ദാരുണമായ കൊലപാതകം നടന്നത് എന്നാണ് രാജ്യാന്തര മാധ്യമമായ ദി ഗാര്‍ഡിന്‍റെ റിപ്പോര്‍ട്ട്.
പ്രാദേശിക സമയം തിങ്കളാഴ‌്‌ച വെളുപ്പിന് 1.20 ഓടോയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ 47 വയസുകാരനാണ് കൊല്ലപ്പെട്ടത്. നാല്‍പത്തിയേഴുകാരന്‍ വെടിയേറ്റ് മരിച്ചത് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അറിവായിട്ടില്ല. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ സമീപ വര്‍ഷങ്ങളില്‍ തോക്കുകള്‍ കൊണ്ടുള്ള കുറ്റകൃത്യം വര്‍ധിച്ചിരുന്നു. മത്സരങ്ങള്‍ക്ക് വേണ്ടിയല്ലാതെ പുറത്തിറങ്ങരുത് എന്ന് താരങ്ങളോട് ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ സുരക്ഷാ വിഭാഗം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒരു പരിശീലന സെഷന്‍ ഇംഗ്ലണ്ട് ടീമിന് അവശേഷിക്കുന്നുണ്ടെങ്കിലും ഇതിന് താരങ്ങള്‍ സന്നദ്ധമാകുമോ എന്ന് വ്യക്തമല്ല. അഞ്ച് ട്വന്‍റി 20കളുടെ പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.
അഞ്ച് ടി20കളില്‍ മൂന്നെണ്ണം പൂര്‍ത്തിയായപ്പോള്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ രണ്ട് ടി20കളും വിന്‍ഡീസ് ജയിച്ചപ്പോള്‍ മൂന്നാം മത്സരം ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് സ്വന്തമാക്കി. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലാണ് അവശേഷിക്കുന്ന മത്സരങ്ങള്‍ നടക്കേണ്ടത്. ദാരുണ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സരങ്ങളുടെ ഷെഡ്യൂള്‍ മാറ്റുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. ഡിസംബര്‍ 20ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയ്‌ക്കാണ് വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് നാലാം ട്വന്‍റി 20 നടക്കേണ്ടത്. പരമ്പര കൈവിടാതിരിക്കാന്‍ ഈ മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയിച്ചേ മതിയാകൂ.