ന്യൂഡൽഹി > പാർലമെന്റിൽ പുകയാക്രമണം സംബന്ധിച്ചുള്ള പ്രതിഷേധത്തിൽ എപേിമാർക്ക് വീണ്ടും കൂട്ട സസ്പെൻഷൻ. 49 എംപിമാരെക്കൂടി ലോക്‌സഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി.
കേരളത്തിൽ നിന്നുള്ള എംപിമാരായ കെ സുധാകരൻ, ശശി തരൂർ, അടൂർ പ്രകാശ്, അബ്ദുൾ സമദ് സമദാനി എന്നിവർ ഇന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരിലുണ്ട്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സസ്പെൻഷനിൽ നിന്ന് ഒഴിവാക്കി.
ചൊവ്വ രാവിലെ സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു. ഇതേത്തുടർന്ന് സഭ 12 മണി വരെ നിർത്തിവച്ചിരുന്നു. പുകബോംബ് ആക്രമണം നടത്തിയവർക്ക് പാസ് നൽകിയത് ബിജെപി എംപിയാണെന്ന് തെളിഞ്ഞിട്ടും നടപടികളൊന്നും എടുത്തിരുന്നില്ല. പാർലമെന്റിൽ സംഭവിച്ച സുരക്ഷാ വീഴ്ചയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ഇതുവരെ സംസാരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.