ന്യൂഡൽഹി > സർവകലാശാല സെനറ്റിലേക്ക് സംഘപരിവാർ ബന്ധമുള്ളവരെ തെരഞ്ഞെടക്കുന്നതിൽ എതിർപ്പില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ സുധാകരന്റെ ഗവർണർ അനുകൂല പരാമർശം. സംഘപരിവാർ അനുകൂലികളും ജനാധിപത്ത്യത്തിന്റെ ഭാഗമാണെന്നും സംഘപരിവാർ മാത്രമായതുകൊണ്ട് എതിർക്കില്ല എന്നും കെ സുധാകരൻ പറഞ്ഞു.
ഒരു ഗവർണർ ചെയ്യുന്ന കാര്യത്തെ ഞങ്ങൾ എന്തിനാണ് വിമർശിക്കുന്നത്? ബിജെപി അനുകൂല അളുകളെ നോമിനേറ്റ് ചെയ്തതിനെ എതിർക്കുന്നില്ല.അതിലെന്താണ് തെറ്റുള്ളത്. അവിടെയും നല്ല ആളുകൾ ഉണ്ട്. അവരെ എടുക്കാം. അതിൽ എന്താണ് തടസം. സംഘപരിവാറിന്റെ ആളുകളെ മാത്രം വയ്ക്കുകയാണെങ്കിൽ വിമർശിക്കാം. സംഘപരിവാറിൽ നല്ലവരുണ്ടെങ്കിൽ അവരെ വെക്കുന്നതിനെ എതിർക്കില്ല. കോൺഗ്രസിലും പറ്റിയ ഒരുപാട് പേരുണ്ട്. എല്ലാവരെയും എടുക്കാൻ പറ്റില്ല. പറ്റുന്നവരെ എടുക്കുമ്പോൾ ഞങ്ങൾ അതിനെയും സ്വീകരിക്കും- കെ സുധാകരൻ പറഞ്ഞു.
ഗവർണറുടെ തീരുമാനങ്ങൾ എന്തുതന്നെയായാലും എതിർക്കില്ല എന്ന് വ്യക്തമാക്കിയ കെപിസിസി അധ്യക്ഷൻ ലിസ്റ്റിലുള്ളവരുടെ യോഗ്യതകൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.