റിയാദ്: ബിനാമി ബിസിനസ് കണ്ടെത്താൻ നവംബർ മാസത്തിൽ സൗദി അറേബ്യയിൽ 5,268 വ്യാപാര സ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ ദേശീയ സമിതി പരിശോധനകൾ നടത്തി. ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, സലൂണുകൾ, ജനറൽ കോൺട്രാക്ടിംഗ് സ്ഥാപനങ്ങൾ, വാഹന വർക്ക്ഷോപ്പുകൾ എന്നീ സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ഇതിനിടെ ഏതാനും സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങൾ കണ്ടെത്തി.
ഏതാനും സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. അന്വേഷണം നടത്തി നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് നിയമ ലംഘകർക്കെതിരായ കേസുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരുടെ അനധികൃത സമ്പാദ്യം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനം അടപ്പിക്കൽ, കൊമേഴ്സ്യൽ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കൽ, വിദേശികളെ നാടുകടത്തൽ, സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് അഞ്ചു വർഷത്തേക്ക് വിലക്ക് എന്നീ ശിക്ഷകളും നിയമ ലംഘകർക്കെതിരെ സ്വീകരിക്കും.