സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വപ്നം കണ്ട ഇന്ത്യക്ക് ഒന്നാം ടെസ്റ്റിൽ നാണംകെട്ട തോൽവി! ഇന്നിങ്സിനും 32 റൺസിനുമാണ് ഇന്ത്യയുടെ തോൽവി.
രണ്ടാം ഇന്നിങ്സിലും ആതിഥേയരുടെ തീതുപ്പുന്ന ബൗളിങ്ങിനു മുന്നിൽ ഇന്ത്യൻ ബാറ്റർമാർ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞു. സൂപ്പർബാറ്റർ വിരാട് കോഹ്ലി മാത്രമാണ് ഒരറ്റത്ത് പിടിച്ചുനിന്നത്. 82 പന്തിൽ ഒരു സിക്സും 12 ഫോറുമടക്കം 76 റൺസെടുത്ത താരം പത്താമനായാണ് പുറത്തായത്. നാലു വീക്കറ്റ് വീഴ്ത്തിയ നാന്ദ്രെ ബർഗറാണ് ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നട്ടെല്ല് തകർത്തത്.നേരത്തേ ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സ് എടുത്തിരുന്നു. 163 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ആതിഥേയർ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 34.1 ഓവറിൽ 131 റൺസിന് ഓൾ ഔട്ടായി. സ്‌കോര്‍: ഇന്ത്യ -245/10, 131/10, ദക്ഷിണാഫ്രിക്ക: 408/10. രണ്ടു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ജനുവരി മൂന്നിന് കേപ്ടൗണിലാണ് രണ്ടാം ടെസ്റ്റ്. കോഹ്ലിക്കു പുറമെ, ശുഭ്മൻ ഗിൽ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. 37 പന്തിൽ 26 റൺസെടുത്താണ് ഗിൽ പുറത്തായത്.
ഓപ്പണർമാരായ യശസ്വി ജയ്സാൾ (18 പന്തിൽ അഞ്ച്), നായകൻ രോഹിത് ശർമ (പൂജ്യം), ശ്രേയസ് അയ്യർ (12 പന്തിൽ ആറ്), കെ.എൽ. രാഹുൽ (24 പന്തിൽ നാല്), ആർ. അശ്വിൻ (പൂജ്യം), ഷാർദൂൽ ഠാക്കൂർ (എട്ടു പന്തിൽ രണ്ട്), ജസ്പ്രീത് ബുംറ (പൂജ്യം), മുഹമ്മദ് സിറാജ് (അഞ്ചു പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. പ്രസിദ്ധ് കൃഷ്ണ റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.
മാർകോ ജാൻസെൻ മൂന്നു വിക്കറ്റും കഗിസോ റബാദ രണ്ടു വിക്കറ്റും നേടി. അഞ്ചിന് 256 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 152 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷമാണ് പുറത്തായത്. ഡീൻ എൽഗർ 185 റൺസെടുത്തു. 18 പന്തിൽ 19 റൺസെടുത്ത ജെറാള്‍ഡ് കോട്സീയുടെയും ഒമ്പത് പന്തിൽ ഒരു റണ്ണെടുത്ത കഗിസോ റബാദയുടെയും വിക്കറ്റുകളും ആതിഥേയർക്ക് നഷ്ടമായി. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 256 റൺസെന്ന നിലയിലാണ് മൂന്നാംദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനരാരംഭിച്ചത്. 140 റൺസെടുത്ത എൽഗറും മാര്‍ക്കോ ജാൻസനുമായിരുന്നു ക്രീസിൽ.
ഇരുവരും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയതാണ് മൂന്നാംദിനം പ്രോട്ടീസിന് മേൽക്കൈ നൽകിയത്. ആറാം വിക്കറ്റിൽ 249 റണ്‍സില്‍ ഒത്തുചേര്‍ന്ന ഇരുവരും 360 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. ഷാര്‍ദുല്‍ ഠാക്കൂറിന്‍റെ ഷോര്‍ട്ട് ബോളില്‍ വിക്കറ്റ് കീപ്പർ രാഹുലിന് ക്യാച്ച് നൽകിയാണ് എൽഗാർ മടങ്ങിയത്. എന്നാൽ, കോട്സീയെ കൂട്ടുപിടിച്ച് ജാൻസന്‍ ദക്ഷിണാഫ്രിക്കയുടെ ലീഡുയര്‍ത്തി. 19 റണ്‍സെടുത്ത കോട്സിയെ അശ്വിന്‍ മടക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 391 റണ്‍സിലെത്തിയിരുന്നു.
അധികം വൈകാതെ റബാദയെ ബുംറ ക്ലീൻ ബൗൾഡാക്കി. അവസാന വിക്കറ്റായ നാന്ദ്രെ ബര്‍ഗറെയും (പൂജ്യം) ബുംറ പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു. 147 പന്തുകളിൽനിന്ന് 84 റണ്‍സെടുത്ത് ജാൻസൻ പുറത്താകാതെ നിന്നു. ആദ്യദിനം ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ നായകൻ ടെംബ ബാവുമ ബാറ്റിങ്ങിനിറങ്ങിയില്ല.
ഇന്ത്യക്കായി ബുംറ നാലു വിക്കറ്റും മുഹമ്മജ് സിറാജ് രണ്ടും വിക്കറ്റും വീഴ്ത്തി. ഠാകൂർ, പ്രസിദ്ധ് കൃഷ്ണ, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 245ൽ അവസാനിച്ചിരുന്നു. കെ.എൽ. രാഹുലാണ് (101) ഇന്ത്യയുടെ ടോപ് സ്കോറർ.